മലയാളസിനിമയിൽ ഇപ്പോൾ റീ-റിലീസുകളുടെ കാലമാണ്. മോഹൻലാൽ ചിത്രങ്ങളായ സ്പടികവും ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്ക്രീനുകൾ എത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു മാസ് പടമായ ‘രാവണപ്രഭു’ ആണ് ഇപ്പോൾ വീണ്ടും തിയറ്ററുകളിൽ തേരോട്ടം തുടരുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് നടി ദീപ്തി നമ്പ്യാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസുകൾ പോലും വലിയ ആഘോഷമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി ദീപ്തി നമ്പ്യാർ. വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയാണ് ദീപ്തി. റീ-റിലീസ് ചെയ്ത ‘രാവണപ്രഭു’ കാണാനെത്തിയപ്പോഴാണ് താരം മോഹൻലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞത്. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. റീ-റിലീസ് ചെയ്ത ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.
‘‘ഞാൻ ജനിച്ചു വളർന്നതെല്ലാം പൂനെയിലും ബോംബെയിലും ആണ് പക്ഷേ എനിക്ക് ഷാറുഖ് ഖാനെക്കാളും ആമിർ ഖാനേക്കാളും ഇഷ്ടം ലാലേട്ടനെ തന്നെ ആണ്. ലാലേട്ടന് ഇതവണ വേറെ ഒരു ലെവൽ വർഷം ആയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കിട്ടി, മറ്റു പല പുരസ്കാരങ്ങളും കിട്ടുന്നു, സിനിമകൾ കോടി കോടി ക്ലബ്ബിൽ ഇടം നേടുന്നു. റീ റിലീസ് പടങ്ങളും ഇത്രയധികും വിജയിച്ചു. വലിയ സന്തോഷമുണ്ട്.’’ -ദീപ്തി നമ്പ്യാർ പറയുന്നു.
അതേസമയം ആരാധകരെ ആവേശത്തിലാഴ്ത്തി തിയറ്ററുകൾ കീഴടക്കാൻ മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും വീണ്ടുമെത്തി കഴിഞ്ഞു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിലാണ് രാവണപ്രഭു റിറിലീസ് ചെയ്തിരിക്കുന്നത്. റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
















