ബിഗ് ബോസ് ഹൗസിനുള്ളിൽ ഒരു മത്സരാർത്ഥി ശ്രദ്ധ നേടുമ്പോൾ, അയാൾ സാധാരണക്കാരൻ ആണോ അല്ലയോ എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകാറുണ്ട്. ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായ അനീഷ് കോടന്നൂര് സംബന്ധിച്ചും സമാനമായ വാദപ്രതിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ചിലർ അദ്ദേഹത്തെ സാധാരണക്കാരനല്ല എന്ന് പറഞ്ഞ് വിമർശിക്കുമ്പോൾ, പ്രേക്ഷകർ ഒരു വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.
ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നൂറിൽ എൺപത് ശതമാനം മലയാളികൾക്കും അനീഷ് ഒരു പരിചയമില്ലാത്ത മുഖം ആയിരുന്നു. അധികമാരും അറിയപ്പെടാത്ത, സെലിബ്രിറ്റി ഇമേജ് ഇല്ലാത്ത, ഒരു സാധാരണ നാട്ടിൻപുറത്തുകാരനായ മലയാളി. അദ്ദേഹത്തിന് ആകെയുള്ളത് ‘Aneesh Samples’ എന്ന വലിയ പോപ്പുലറല്ലാത്ത ഒരു യൂട്യൂബ് ചാനലാണ്. ബിഗ് ബോസ് പ്രവേശനത്തിന് ശേഷം മാത്രമാണ് ആ ചാനലിലെ ഏതാനും വീഡിയോകൾക്ക് കുറച്ചെങ്കിലും കാഴ്ചക്കാരെ ലഭിച്ചത്.
പൊതുവെ സാധാരണക്കാരൻ എന്ന് പറയുന്നത്, അധികമാരും അറിയാത്ത, സെലിബ്രിറ്റി പരിവേഷമില്ലാത്ത വ്യക്തികളെയാണ്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ, അനീഷിനേക്കാൾ എത്രയോ മടങ്ങ് ഇമേജും പോപ്പുലാരിറ്റിയുമുള്ള ആളുകളാണ് അനുമോളെപ്പോലെയും ഷാനവാസിനെപ്പോലെയുമുള്ള മറ്റ് മത്സരാർത്ഥികൾ.
അനീഷിന്റെ ഗെയിമിനെ വിമർശിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടാകാം. എന്നാൽ, അദ്ദേഹത്തിന്റെ കളിയെ വിമർശിക്കാൻ കാര്യമായ വിഷയങ്ങൾ ഇല്ല എന്നതാണ് സത്യം. ഈ മനുഷ്യൻ ഇതുവരെ ബിഗ് ബോസ് ഹൗസിൽ ആരെയും കുറ്റം പറഞ്ഞ് നടന്നിട്ടില്ല, കളവ് പറഞ്ഞിട്ടില്ല, സ്ത്രീകളെ മോശമായി സംസാരിച്ചിട്ടില്ല, ആർക്കും നേരെ കൈ ഓങ്ങി ചെന്നിട്ടില്ല, കുത്തിത്തിരിപ്പും പരദൂഷണവും നടത്തിയിട്ടില്ല. സഹികെട്ടാൽ പോലും മോശമായ ഒരു വാക്ക് അദ്ദേഹത്തിന്റെ നാവിലൂടെ വരാറില്ല. കാരണം, മണ്ണിനെ സ്നേഹിക്കുന്ന ഒരു മലയാളി കർഷകനാണ് അദ്ദേഹം.
യാതൊരു തെറ്റും ചെയ്യാത്ത, സത്യസന്ധനായ ഈ മനുഷ്യനെ വെറുതെ കരിവാരിത്തേക്കുന്ന പ്രവണത ചില പ്രേക്ഷകർക്കിടയിൽ കാണുന്നുണ്ട്. ചിലപ്പോൾ ഒരു പ്രമോയിൽ അനീഷ് ഇല്ലെങ്കിൽ പോലും അദ്ദേഹത്തിനെതിരെയുള്ള കമന്റുകൾ കാണാം. സാക്ഷാൽ അനുമോളുടെയോ ഷാനവാസിന്റെയോ പകുതിപോലും ഫാൻസ് സപ്പോർട്ട് ഈ പാവപ്പെട്ടവന് ഇല്ല. എന്നിട്ടും അനീഷിനെ ഭയക്കുന്നത് എന്തിനാണ്? ബിഗ് ബോസിലെ വിഷമ ഘട്ടങ്ങളിൽ ഒരു കോമൺമാൻ എന്ന നിലയിൽ അനീഷ് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ പ്രേക്ഷകർ തയ്യാറാകണം. ഈ കളങ്കമില്ലാത്ത മനുഷ്യനെ ഒരു കമന്റ് കൊണ്ടുപോലും കുത്തി നോവിക്കാതിരിക്കുക. അദ്ദേഹത്തെ സമാധാനമായി കളിക്കാൻ അനുവദിക്കുക.
















