ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം അവസാനിച്ചോ. ഇരു രാജ്യങ്ങളും സമാധാനത്തിന്റെ വഴിയില്‍ എത്തിയോ. സംഭവിക്കാന്‍ സാധ്യതയില്ലാത്ത, ലോകം എഴുതിത്തള്ളിയ ഒരു വെടിനിര്‍ത്തല്‍ കരാറാണ് നിലവില്‍ വരാന്‍ പോകുന്നത്. ഇത്, ശവപ്പറമ്പായി മാറിയ ഗാസയ്ക്ക് ഒന്നു ശ്വാസം വിടാന്‍ കഴിയുന്ന ആശ്വാസമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ‘ഒന്നാം ഘട്ടത്തിനാണ്’ ഇസ്രായേല്‍ പാര്‍ലമെന്റ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയും കരാറിനുണ്ട്.
2023 ഒക്ടോബറില്‍ 7നാണ് യൂദ്ധം ആരംഭിക്കുന്നത്. 2025 ഒക്ടോബര്‍ 7ന് രണ്ടു വര്‍ഷം പൂര്‍ത്തിയായി. ഇതിനിടയില്‍ താത്ക്കാലിക വെടി നിര്‍ത്തലും ബന്ദികളെ കൈമാറ്റം ചെയ്യലുമൊക്കെ ഉണ്ടായെങ്കിലും ശാശ്വതമായ വെടി നിര്‍ത്തല്‍ ഉണ്ടായില്ല. 730 ദിവസം കൊണ്ട് ഇസ്രയേല്‍ ഗാസയില്‍ കൊന്നൊടുക്കിയ മനുഷ്യരില്‍ 17,000 കുഞ്ഞുങ്ങളുണ്ട്. ഗാസയില്‍ 67,194 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക കണക്കുകള്‍. ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ഹമാസിനെ സഹായിക്കാനെത്തിയ ഹൂത്തി, ഹിസ്ബുള്ള എന്നിവരുമായും ഇസ്രയേല്‍ ഏറ്റുമുട്ടി. ഇറാനുമായി നേരിട്ട് ഏറ്റു മുട്ടിയത് ലോകമഹാ യുദ്ദത്തിലേക്കു നീങ്ങുമോ എന്നും ആശങ്കപ്പെട്ടു. കാരണം, അമേരിക്കയുടെ അത്യാധുനിക യുദ്ധ വിമാനം ഇറാനിന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചിരുന്നു.
ജൂതന്‍മാരും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള യുദ്ധമാണോ നടക്കുന്നതെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ചിന്തിക്കുന്നവരുണ്ട്. ഹമാസ് എന്ന തീവ്രവാദ സംഘടനയും ഇസ്രയേലും തമ്മിലാണ് യുദ്ധമെന്നും വാദിക്കുന്നുണ്ട്. എന്തായാലും യുദ്ധംകൊണ്ട് ആരും ഒന്നും നേടുന്നില്ല എന്നതാണ് സത്യം. ഭരണാധികാരികളും തീവ്രവാദികളും കൊലയാളികളായി മാറുന്നു. മനുഷ്യക്കുരുതികള്‍ നിര്‍ബാധം നടക്കുന്നു. ഇതാണ് പശ്ചിമേഷ്യയില്‍ ഉണ്ടായത്. ഇപ്പോഴുണ്ടായ കരാര്‍ നീണ്ടനാളിലേക്ക് സമാധാനം നിലനിര്‍ത്തുകയാണ് വേണ്ടത് എന്ന് ലോക രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട നടപടി തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റമാണ്. ഇസ്രായേല്‍ തടവിലുള്ള 250 പലസ്തീന്‍ തടവുകാരെ ഉടന്‍ മോചിപ്പിക്കും. ഒപ്പം, ഒക്ടോബര്‍ 7ന് ശേഷം പിടിക്കപ്പെട്ട 1,700ഓളം ഗാസക്കാരെ ഭാഗികമായി വിട്ടയക്കാനുള്ള സാധ്യതയുമുണ്ട്. പകരമായി, ഹമാസിന്റെ കൈവശമുള്ള എല്ലാ ഇസ്രായേല്‍ ബന്ദികളെയും 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങി നിശ്ചിത അതിര്‍ത്തിയിലേക്ക് മാറും. ഇത് ഗാസയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വലിയൊരു നടപടിയാണ്. ഗാസയിലെ പട്ടിണി മാറ്റാന്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ തടസ്സമില്ലാതെ കടത്തിവിടാനും അനുമതി നല്‍കി.
ഗാസയിലെ 2.1 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണ സഹായവും, 500,000 പേര്‍ക്ക് പോഷക സഹായവും, 200,000കുടുംബങ്ങള്‍ക്ക് പണ സഹായവും നല്‍കാനുള്ള പദ്ധതികള്‍ ഐക്യരാഷ്ട്രസഭ തയ്യാറാക്കി കഴിഞ്ഞു. തകര്‍ന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ സമാധാന ശ്രമങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള പിന്തുണയുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ കരാറിന്റെ വിജയത്തില്‍ ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിക്കുകയും, ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഈ കരാര്‍ കേവലം വെടിനിര്‍ത്തലില്‍ ഒതുങ്ങുന്നില്ല.
ഇത്, ഗാസയുടെ ഭാവി ഭരണഘടന, ഹമാസിന്റെ ആയുധവിനിയോഗം, ഗാസയുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ കൂടുതല്‍സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ്. ഇന്ത്യ, യുഎസ്, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഈ നിര്‍ണായക വിഷയങ്ങളില്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നീണ്ട രണ്ടു വര്‍ഷത്തെ യുദ്ധത്തിന് ശേഷം, ഗാസയുടെ മണ്ണില്‍ ശാശ്വത സമാധാനം പുലരുമെന്നുള്ള പ്രതീക്ഷ ലോകജനതയുടെ ഹൃദയങ്ങളില്‍ നിറയുകയാണ്. യുദ്ധത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് മോചിതമായി, സാധാരണ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് നടക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് ഗാസയിലെ ജനങ്ങള്‍.
CONTENT HIGH LIGHTS; Is the agreement a relief for the smoldering Gaza?: Israel reluctantly ceases fire?
















