സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കൽക്കി 2 എന്നിവയിൽ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ദീപികാ പദുകോൺ.തന്റെ സ്ഥാപകമായ ലൈവ് ലവ് ലാഫിന്റെ 10 വാർഷികം ആഘോഷിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സിഎൻബിസി ടിവി 18 നോടായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
ചലച്ചിത്ര വ്യവസായത്തിന്റെ ഇരട്ട നീതിയെപ്പറ്റിയും കാലങ്ങളായി സ്ത്രീ അഭിനേതാക്കൾ നേരിടുന്ന വിവേചനത്തെയും കുറിച്ചും നടി തുറന്നു സംസാരിക്കുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ, അത് സമ്മർദ്ദകരമായി തോന്നുന്നുണ്ടെങ്കിൽ, അങ്ങനെയാകട്ടെ. എന്നാൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നിരവധി പുരുഷ സൂപ്പർസ്റ്റാറുകൾ വർഷങ്ങളായി എട്ട് മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും അത് ഒരിക്കലും വാർത്തകളിൽ ഇടം നേടിയിട്ടില്ലെന്നും ദീപിക പറഞ്ഞു.
ആളുകളുടെ പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വർഷങ്ങളായി നിരവധി പുരുഷ അഭിനേതാക്കൾ ഒരു ദിവസം 8 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് പൊതുവെ എല്ലാവർക്കും അറിയാം. അവരിൽ പലരും തിങ്കൾ മുതൽ വെള്ളി വരെ 8 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. വാരാന്ത്യങ്ങളിൽ അവർ ജോലി ചെയ്യാറില്ലെന്നും ദീപിക കൂട്ടിച്ചേർത്തു. ദീർഘനേരം ജോലി ചെയ്യുത, മോശം അവസ്ഥകൾ, മോശം ഭക്ഷണം പോലുള്ള അടിസ്ഥാന പ്രശ്നങ്ങളും ദീപിക ഉന്നയിച്ചു. നേരത്തെ ശമ്പളത്തിന്റെ കാര്യത്തിലും ഒറ്റയ്ക്ക് പോരാടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ്, ദീപിക പദുകോൺ കൽക്കിയുടെ തുടർഭാഗത്തിൽ ഉണ്ടാകില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.
പിന്നീട് നിർമ്മാതാക്കളായ വൈജയന്തി മൂവീസ് റിപ്പോർട്ട് സ്ഥിരീകരിച്ചു. 8 മണിക്കൂർ ജോലി, ലാഭം പങ്കിടൽ വ്യവസ്ഥകൾ, തെലുങ്കിൽ സംഭാഷണങ്ങൾ പറയാൻ തയ്യാറാകാത്തത് എന്നിവയെച്ചൊല്ലി സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റിൽ നിന്നും ദീപിക പിന്മാറി. 25 കോടി രൂപയുടെ പ്രതിഫലത്തിന് പുറമെ, സെറ്റിൽ തന്നോടൊപ്പം വരുന്ന 25 അംഗ സംഘത്തിന് ചെലവുകൾ ദീപിക ആവശ്യപ്പെട്ടതായും ആരോപണമുണ്ടായിരുന്നു. കൽക്കി 2898 എഡി എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ സുമതി എന്ന ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് ദീപിക പദുക്കോൺ അവതരിപ്പിച്ചത്. കഴിഞ്ഞ ദീപാവലിയിൽ പുറത്തിറങ്ങിയ രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി വേഷമിട്ടത്.
















