മാനസികാരോഗ്യപ്രശ്‌നങ്ങളെ വട്ടിനോട് ഉപമിച്ച നടി കൃഷ്ണപ്രഭയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ പെരുമഴ. പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഡിപ്രഷന്‍ വരുന്നത്, പഴയ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഇതിനു മറുപടിയുമായി അഞ്ജു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ഓവര്‍ തിങ്കിങ്ങാണ്, ഡിപ്രഷനാണ് എന്നൊക്കെ കുറേ ആളുകള്‍ പറയുന്നത് കേള്‍ക്കാം. എന്തൊക്കെയോ പുതിയ വാക്കുകളൊക്കെ വരുന്നുണ്ടല്ലോ? മൂഡ് സ്വിങ്‌സ് എന്നൊക്കെ പറഞ്ഞിട്ട്’, പൊട്ടിച്ചിരിച്ചുകൊണ്ട് കൃഷ്ണപ്രഭ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ വെറുതേ കളിയാക്കി പറയും. പണ്ടത്തെ വട്ടുതന്നെ, പക്ഷേ ഇപ്പോള്‍ ഡിപ്രഷന്‍ എന്ന് പുതിയ പേരിട്ടെന്ന് മാത്രം. പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഇതൊക്കെ വരുന്നത്. മനുഷ്യന്‍ എപ്പോഴും ബിസിയായിരുന്നാല്‍ കുറേ കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാവും’, പരിഹാസസ്വരത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
പിന്നാലെ നടിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. പ്രതികരണവുമായി ആരോഗ്യവിദഗ്ധരും സെലിബ്രിറ്റികളുമടക്കം രംഗത്തെത്തി. ഒരു സൈക്കോളജിസ്റ്റ് കൃഷ്ണപ്രഭയെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ നടി സാനിയ അയ്യപ്പന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തു. കൃഷ്ണപ്രഭയും ചോദ്യകര്‍ത്താവും ചേര്‍ന്ന് മാനസികാരോഗ്യപ്രശ്‌നങ്ങലെ കളിയാക്കുകയും നിസ്സാരവത്സരിക്കുകയുംചെയ്‌തെന്ന് അവര്‍ കുറ്റപ്പെടുത്തി.
പരിഹസിക്കാനാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വയം പഠിക്കാന്‍ ശ്രമിക്കണമെന്ന് നടിയോട് ഗായിക അഞ്ജു ജോസഫ് ആവശ്യപ്പെട്ടു. ‘ദയവായി മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയാവണം. ഈ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. താന്‍ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. ദീപിക പദുക്കോണും ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അതെന്താ ഇവര്‍ക്കൊന്നും തിരക്കില്ലേ?. നിങ്ങള്‍ ജോലികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കും. ഇത് യഥാര്‍ഥ രോഗമാണ്. ദയവായി വട്ട് പോലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. എനിക്ക് നിങ്ങളോട് വ്യക്തിവിരോധമില്ല. എന്നാല്‍, ക്ലിനിക്കല്‍ ഡിപ്രഷനും ആന്‍സൈറ്റി ഡിസോര്‍ഡറും അനുഭവിച്ച ഒരാളെന്ന നിലയില്‍, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് എനിക്ക് പറയാന്‍ കഴിയും. പണിയൊന്നുമില്ലാത്തതുകൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല ഇവ. തമാശ പറയാനാണെങ്കിലും പോലും ദയവായി വിഷയത്തെക്കുറിച്ച് പഠിക്കണം’, എന്നായിരുന്നു അഞ്ജു ജോസഫിന്റെ കമന്റ്.
















