ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വൺ’ എന്ന ചിത്രത്തിലെ പാട്ടുസീനിലെ ഗുരുതരപിഴവ് ചൂണ്ടിക്കാട്ടി ആരാധകന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബ്രഹ്‌മകലശ’ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തിലെ പിഴവാണ് ആരാധകന്‍ കയ്യോടെ പൊക്കിയത്. അന്നദാന സീനില്‍ കടന്നുകൂടിയ കുടിവെള്ള കാന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടി. സംഭവം സോഷ്യൽ മീഡിയയിൽ വൈകാതെ വൈറൽ ആയി.
മാഡി പി എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലാണ് പിഴവ് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വീഡിയോ സഹിതമാണ് പോസ്റ്റ്. ‘കാന്താര ചാപ്റ്റര്‍ വണ്ണിലെ ബ്രഹ്‌മകലശ എന്ന വീഡിയോ ഗാനം കാണുകയായിരുന്നു. ഈ തെറ്റ് ശ്രദ്ധയില്‍പ്പെട്ടു’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. പാട്ടില്‍ മൂന്നാം മിനിറ്റിനുശേഷമാണ് പിഴവ് ദൃശ്യമാവുന്നത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിന്നിലായി 20 ലിറ്ററിന്റെ പ്ലാസ്റ്റിക് കുടിവെള്ള കാന്‍ വെച്ചിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. ‘പ്രാചീന കാലത്തേ കുപ്പിവെള്ളമുണ്ടായിരുന്നോ’, എന്ന ചോദ്യവുമായി പിന്നാലെ ആരാധകരെത്തി.
People getting triggered by this post. Its just an observation. Found it, posted it, thats it.
So Chill or Cope. Nothing to get so nasty about. But upto you, want to abuse?, fine go on. If it helps u to relax. But don’t expect a response. 😂 #KantaraChapter1 https://t.co/UwgknfevAD
— Maddy P (@NameIsMaddyP) October 11, 2025
നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ കഥപറയുന്നത്. ജയറാം അവതരിപ്പിക്കുന്ന രാജശേഖര എന്ന രാജാവിന്റെ കീഴിലുള്ള ബാംഗ്ര എന്ന നാട്ടുരാജ്യത്ത് കാന്താരയില്‍നിന്നുള്ള ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതിന്റെ ചടങ്ങുകളും ആഘോഷങ്ങളും ചിത്രീകരിക്കുന്നതാണ് ബ്രഹ്‌മകലശ എന്ന് പേരിട്ടിരിക്കുന്ന പാട്ട്.പിഴവ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ പരിഹാസ കമന്റുകളുമായി നിരവധിപ്പേരെത്തി. ‘പ്ലാസ്റ്റിക് ആദ്യമായി കണ്ടുപിടിച്ചത് കദമ്പരാണ്, ബിസ്‌ലരിയുമായുള്ള പെയ്ഡ് പാര്‍ട്ണര്‍ഷിപ്പാണ്, നാലാം നൂറ്റാണ്ടിലേ പ്ലാസ്റ്റിക് കാനോ?’, തുടങ്ങി കമന്റുകളാണ് സാമൂഹികമാധ്യമങ്ങളാകെ.
ചിത്രത്തിലുടനീളം വലിയ സൂക്ഷ്മതയാണ് സംവിധായകന്‍ പുലര്‍ത്തിയതെന്നും എന്നിട്ടും ചെറിയ തെറ്റുപറ്റിയത് ഖേദകരമാണെന്നും പരിഭവിക്കുന്നവരുമുണ്ട്. എഡിറ്ററുടെ പിഴവാണെന്നും പറയുന്നവരേറെ. അമേരിക്കന്‍ സീരീസായ ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ സ്റ്റാര്‍ബക്‌സ് കപ്പ് പ്രത്യക്ഷപ്പെട്ടതിനോട് ഉപമിച്ചും പലരും രംഗത്തെത്തി. ബി. അജനീഷ് ലോക്‌നാഥ് സംഗീതം നല്‍കിയ പാട്ട് മലയാളത്തിലൊഴികെ പാടിയിരിക്കുന്നത് എബ്ബി വിയാണ്. മലയാളത്തില്‍ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍.
















