മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. മനസികാരോഗ്യവിദഗ്‌ദൻ അടക്കം വിഷയം ചർച്ചചെയ്തു. ഇപ്പോഴിതാ കൃഷ്ണപ്രഭയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി നടിയും അവതാരകയുമായ ജുവൽ മേരി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
View this post on Instagram
മാനസികാരോഗ്യത്തെ നിസാരവത്ക്കരിക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ജുവൽ ഉന്നയിച്ചത്. നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ല. മാനസികാരോഗ്യം തമാശയല്ല. അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനായിരുന്നു ലോക മാനസികാരോഗ്യദിനം. ഒരാഴ്ച കഴിയുംമുമ്പേയാണ് മറ്റ് മനുഷ്യരുടെ മാനസികാരോഗ്യത്തെയോ അവരനുഭവിക്കുന്ന പ്രയാസങ്ങളെയോ നിസ്സാരവത്ക്കരിച്ചുകൊണ്ട് പലരും സംസാരിക്കുന്നതുകേട്ടതെന്ന് ജുവൽ മേരി പറഞ്ഞു. എല്ലായ്പ്പോഴും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ വീട്ടിൽ പട്ടിണിയില്ലെന്നുകരുതി മറ്റൊരാളുടെ വീട്ടിൽ പട്ടിണിയുണ്ടെന്ന് പറയുമ്പോൾ അതൊരു തമാശയല്ല. നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ല. മാനസികാരോഗ്യം തമാശയല്ല. അതിനെ നിസാരവത്ക്കരിച്ച് ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി തോന്നുന്നുമില്ല.
അതിഭീകരമായ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുണ്ട്. പണിയില്ലാത്തവർക്കല്ല ഡിപ്രഷൻ വരുന്നത്. ലോകപ്രശസ്തനായ ഒളിമ്പ്യൻ, നീന്തൽ താരം മൈക്കൽ ഫെൽപ്സ് കഴിഞ്ഞ കുറേ വർഷങ്ങളായി വിഷാദരോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അത് അദ്ദേഹത്തിന് പണിയില്ലാതിരുന്നിട്ടാണോ?പണിയില്ലാതിരിക്കുന്നവർക്കല്ല ഇതൊന്നും വരുന്നത്. ഇതിന്റെയെല്ലാം ഇടയിലും എവിടെയൊക്കെയോ മനസിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ പല മനുഷ്യരും പലതരത്തിലുള്ള ലക്ഷണങ്ങളും വേദനയുമാണ് പ്രകടിപ്പിക്കാറ്. പല രീതിയിലാണവർ അത് അനുഭവിക്കുന്നത്.
കുറച്ചേ ആയിട്ടുള്ളൂ മനുഷ്യർ ഇതെല്ലാം പറയാൻ തുടങ്ങിയിട്ട്. അതുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ ഈ വാക്കുകൾ കേട്ടുതുടങ്ങുന്നത്. വളരെ കുറച്ചേ ആയിട്ടുള്ളൂ സമൂഹം അതിന്റെ മുറിവുകളിൽനിന്ന് പുറത്തുവന്നിട്ട്. മാനസികാരോഗ്യത്തെ ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമായി ഉൾക്കൊണ്ട്, അതിനുവേണ്ടി സംസാരിക്കാനും പോരാടാനും തുടങ്ങിയത് ഇപ്പോഴാണ്. ദയവുചെയ്ത് മറ്റുമനുഷ്യരെ നിരുത്സാഹപ്പെടുത്തരുത്. മറ്റുമനുഷ്യരുടെ വേദനകളെയോ ജീവിതാവസ്ഥകളെയോ തള്ളാതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. സ്നേഹത്തോടെ അവരെ ചേർത്തുപിടിക്കാൻ ശ്രമിക്കണം. എല്ലാ മനുഷ്യർക്കും സഹാനുഭൂതി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെന്നും അവർ പറഞ്ഞു.
മാനസിക പ്രയാസം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കണമെന്നാണ് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലും ജുവൽ മേരി ആവശ്യപ്പെടുന്നത്. ‘പലപ്പോഴും സിനിമകളിലും, സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്! ഒരുപാട് കാലമൊന്നും ആയിട്ടില്ല പൊതു ബോധത്തിൽ ഈ ക്രൂരമായ തമാശ ചോദ്യം ചെയ്ത തുടങ്ങിയിട്ട് .. ഓഹ് അവനു വട്ടാ .. അവൾക്ക് മുഴു പ്രാന്താ… ഇങ്ങനെ ഒക്കെ പറഞ്ഞ് ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നേ ഉള്ളു.. എല്ലാവരും ഏതൊക്കെയോ വെട്ടിപ്പിടിക്കാൻ ഉള്ള ഓട്ടത്തിൽ ചില മനുഷ്യരുടെ എങ്കിലും മനസ് തളർന്നു പോകുന്നു. ശരീരത്തെ ഒരു അദൃശ്യമായ മുറിയിൽ പൂട്ടി ഇട്ട പോലെ തളർത്തി കളയുന്ന ഡിപ്രഷൻ.. ഭയം, ഓട്ടപാച്ചിൽ, ചിന്തകൾ ഒരു വേള ശ്വാസം പോലും തടസ്സപ്പെട്ട പോലെ ഉത്കണ്ഠ.
ചരട് പൊട്ടിയ പോലെ സന്തോഷം.. അടക്കാനാവാത്ത ഊർജം… ബെല്ലും ബ്രേക്കും ഇല്ലാതെ പോലെ തീരുമാനങ്ങൾ – മാനിയ. സംശയം, ഒരു ലോജിക്കും ചിന്തിക്കാൻ പറ്റാതെ എന്തിനെയും സംശയം – പരനോയിയ! ഇനിയും എത്ര തരാം അവസ്ഥകൾ… എത്ര തരം രോഗങ്ങൾ. നാണക്കേട് മറന്നു അവനവനെ തന്നെ ഒന്ന് രക്ഷിക്കാൻ ആളുകൾ മുന്നോട്ട് വന്നു തുടങ്ങിയിട്ട് ഒരുപാടു ഒന്നും ആയിട്ടില്ല. അവരെ വീണ്ടും നിങ്ങളുടെ ഇൻസെൻസിറ്റിവ് ആയ പൊട്ടിച്ചിരികൾ കൊണ്ട് പിന്നോട്ട് വലിക്കരുത്! സഹാനുഭൂതിയോടെ ചേർത്തുപിടിക്കുക.’ ജുവലിന്റെ വാക്കുകൾ
നേരത്തേ സാനിയ അയ്യപ്പന്‍, ഗായിക അഞ്ജു ജോസഫ് എന്നിവരടക്കം കൃഷ്ണപ്രഭ പറഞ്ഞ കാര്യങ്ങളിലെ വസ്തുതക്കേട് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു.
















