മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച് ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’. കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ റിലീസ് ചെയ്ത് 45 ദിവസങ്ങൾക്കുള്ളിൽ 300 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമായി മാറി. ഇപ്പോഴിതാ ഈ നേട്ടത്തിൽ നന്ദിയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ലോകയുടെ വിജയത്തേക്കുറിച്ച് കല്യാണി പ്രിയദർശൻ വാചാലയായത്. ക്യാമറയ്ക്ക് പിന്നിലും അരികിലും മുന്നിലും നിന്നവർ, തിയേറ്ററുകൾ നിറച്ച പ്രേക്ഷകർ. നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നന്ദിവാക്കുകളേക്കാൾ അപ്പുറമാണിത് എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്. ലോക 300 കോടി ആഗോള കളക്ഷൻ നേടിയതിന്റെ ഔദ്യോഗിക പോസ്റ്ററും അവർ സ്റ്റോറിയാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് ആണ് സ്വന്തമാക്കിയത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ “ലോക” മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന കിരീടവും ചൂടിയാണ് തീയേറ്ററുകളിൽ പ്രദർശന വിജയത്തിന്റെ കുതിപ്പ് തുടരുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് ‘ലോക’.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
















