പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചൻ നടത്തുന്ന ‘കോൻ ബനേഗ ക്രോർപതി’ എന്ന പരിപാടിയിൽ ഋഷഭ് ഷെട്ടി നടത്തിയ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മുണ്ട് മടക്കിക്കുത്തി മോഹൻലാൽ സ്റ്റൈലിൽ വേദിയിലേക്ക് കയറിവന്ന ഋഷഭ് ഷെട്ടി മോഹൻലാലിന്റെ ഐക്കോണിക് ഡയലോഗും പറഞ്ഞാണ് കയ്യടി നേടിയത്. ‘എന്താ മോനെ ദിനേശാ’ എന്ന ഋഷഭ് ഷെട്ടിയുടെ ഡയലോഗിൽ അമിതാഭ് ബച്ചനടക്കം ആവേശത്തിലായി. സബാഷ് എന്ന് പറഞ്ഞാണ് ബച്ചൻ ഋഷഭ് ഷെട്ടിയെ സ്വീകരിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഋഷഭ് ഷെട്ടിയുടെ മോഹൻലാൽ ഡയലോഗ് ആരാധകരും ആഘോഷമാക്കുകയാണ്. നിരവധി മോഹൻലാൽ ആരാധകരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താൻ മോഹൻലാലിന്റെ ഫാൻ ആണെന്ന് മുൻപ് ഋഷഭ് ഷെട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ‘കാന്താര ചാപ്റ്റർ 1’ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള തലത്തിൽ 600 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു.
















