എംജി സോമന്റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ട്ടം ആണ് ഉണ്ടാക്കിയത്. ഗായത്രി എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ‘ലേലം’ എന്ന ചിത്രം വന്‍ വിജയമാക്കിയ ഈപ്പച്ചന്‍ എന്ന കഥാപാത്രം അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. ഇപ്പോഴിതാ ഫിൽമി ബീറ്റ് മലയാളം എന്ന ചാനൽ പുറത്തുവിട്ട വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.
1970കളുടെ തുടക്കം മലയാള സിനിമ നവഭാവുഗത്വങ്ങളിലേക്ക് മാറുന്ന സമയം. അന്ന് അരങ്ങിനേയും സിനിമയേയും കലയേയുമെല്ലാം ഒരുപാട് സ്നേഹിച്ച ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥൻ മോളിവുഡിലേക്ക് ലാന്റ് ചെയ്തു. എംജി സോമൻ… ഗായത്രി എന്ന അരങ്ങേറ്റ ചിത്രം മുതൽ മലയാളി അന്നോളം അടക്കം വെച്ച അമർഷങ്ങളുടേയും ആസക്തികളുടേയും അഭ്രരൂപമായി മാറിയ ആ ചെറുപ്പക്കാരൻ എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയിലെ താര നായകനായി മാറി.വീതിയുള്ള കൃതാവും ചോരപോലെ ചുവന്ന കണ്ണും നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങളും പിൽക്കാലത്ത് പലരും അനുകരിച്ചു. നായകനായും പ്രതിനായകനായും മലയാള സിനിമയിൽ 24 വർഷത്തോളം നീണ്ട കരിയർ. അവസാന കാലത്ത് ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രം അവിസ്മരണീയമാക്കി.
മൺ മറഞ്ഞ അനശ്വര ചലച്ചിത്രതാരം മണ്ണടിപറമ്പിൽ ഗോവിന്ദ പണിക്കർ സോമശേഖരൻ നായർ അഥവാ എംജി സോമൻ ഇന്നും അനേകായിരം പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്നു. ലേലം എന്ന സുരേഷ് ഗോപി സിനിമയിലെ സോമന്റെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹവുമായി തനിക്കുണ്ടായിരുന്നു ആത്മബന്ധത്തിന് എത്രത്തോളം ആഴമുണ്ടായിരുന്നുവെന്നും പറയുകയാണിപ്പോൾ നടനും തിരക്കഥാകൃത്തമായ രൺജി പണിക്കർ.പത്രപ്രവർത്തകനായി ജോലി ചെയ്യുന്ന കാലത്താണ് രൺജി പണിക്കർ സോമനെ പരിചയപ്പെടുന്നത്. പിൽക്കാലത്ത് രൺജിയുടെ തൂലികയിൽ വിരിഞ്ഞ നിരവധി കഥാപാത്രങ്ങൾക്ക് സോമൻ ജീവൻ പകർന്നു. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന സീനിന് അറുപത് പേജോളം ഡയലോഗ് ഉണ്ടായിരുന്നു. ആദ്യം ഒരു നാല്, അഞ്ച് പേജ് എഴുതി കൊടുത്തു.
പിന്നെയും തുടരെ തുടരെ എഴുതി കൊടുത്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് വഴക്കുണ്ടാക്കി. സ്നേഹം ഉള്ളവരോട് ഏറ്റവും ഗംഭീരമായി അദ്ദേഹം വഴക്കുണ്ടാക്കും. സോമേട്ടന് റീ ടേക്കുകൾ വേണ്ടി വരാറില്ല. വെറുതെ വഴക്കുണ്ടാക്കാനാണ് ഇതൊക്കെ അദ്ദേഹം പറയുന്നത്. അന്ന് ശാരീരികമായി ചെറിയ അനാരോഗ്യം അദ്ദേഹത്തിന് ഉണ്ടായി തുടങ്ങിയ സമയമായിരുന്നു. തലസ്ഥാനം മുതലുള്ള എന്റെ ഒട്ടുമിക്ക സിനിമകളിലും സോമേട്ടനുണ്ട്.വ്യക്തി ബന്ധം കൊണ്ട് കൂടിയാണത്. സോമേട്ടനെ സ്നേഹിച്ചതുപോലെ വേറെ ആരെയെങ്കിലും ഞാൻ സ്നേഹിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലായെന്ന് തന്നെയാണ് ഉത്തരം. ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്. എല്ലാവരേയും അദ്ദേഹം ഒരു അളവിൽ സ്നേഹിക്കും. ഡബ്ബ് ചെയ്യുന്ന സമയത്ത് അദ്ദേഹം പിണങ്ങി കുറച്ച് സമയം മാറിയിരിക്കുകയൊക്കെ ചെയ്യും.
പിണങ്ങിയാലും അദ്ദേഹം തന്നെ പാച്ചപ്പ് ചെയ്യും. സിനിമയിൽ അദ്ദേഹത്തെ ഞാൻ കാസ്റ്റ് ചെയ്തില്ലേലും ചീത്ത വിളിക്കുമായിരുന്നു. പത്രപ്രവർത്തക കാലത്താണ് ഞാൻ സോമേട്ടനെ പരിചയപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് നല്ലൊരു വേഷം തായെന്ന് പറഞ്ഞത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ലേലം സിനിമയിൽ എൻഎഫ് വർഗീസ് അവതരിപ്പിച്ച കടയാടി രാഘവൻ എന്ന കഥാപാത്രം പറയുന്നുണ്ട്… രണ്ട് മൂക്കിലും പഞ്ഞിവെച്ച് കിടത്തുമെന്ന്.
അതിനുശേഷം സോമേട്ടൻ മരിച്ചപ്പോൾ ബോഡി കണ്ട് എൻഎഫ് വർഗീസ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആളുകൾ ചീത്ത വിളിച്ചു. നീ അല്ലേടാ രണ്ട് മൂക്കിലും പഞ്ഞിവെച്ച് കിടത്തുമെന്ന് പറഞ്ഞത് എന്നൊക്കെ ചോദിച്ചാണ് ആളുകൾ ചീത്ത വിളിച്ചത്. അതുകേട്ട് പരിഭ്രാന്തനായി അദ്ദേഹം എന്നെ വിളിച്ചു. ആളുകൾ എന്നെ ചീത്ത വിളിച്ചുവെന്ന് പറഞ്ഞു.എന്ത് നിമിത്തമാണെന്ന് അറിയില്ല. നമ്മൾ അതിനെ അങ്ങനെ കാണേണ്ടതുണ്ടോയെന്നും അറിയില്ല. മരിക്കുന്നതിന് മുമ്പ് നല്ലൊരു വേഷം തായെന്ന് സോമേട്ടൻ ചോദിച്ചിരുന്നു. വേഷം ചോദിച്ച് വാങ്ങിയതല്ല. സ്നേഹം കൊണ്ടുള്ള അതീശത്വം സ്ഥാപിച്ചതാണെന്നും രൺജി പണിക്കർ പറയുന്നു.
















