ദളിത് യുവാവിനെ ഉയർന്ന ജാതിയിൽപ്പെട്ടവർ മർദ്ദിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർ വാങ്ങിയതിനാണ് മർദ്ദനമെന്നും ആക്രമികൾ വാഹനം നശിപ്പിക്കുകയും യുവാവിനെ വടികൊണ്ട് തല്ലി അവശനാക്കുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു. വീണ് കിടക്കുന്ന ഒരാളെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുന്നത് കാണാം. ഒരു പൊലീസുകാരൻ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ട്.
“ഒരു ദളിതൻ കാർ വാങ്ങിയത് സഹിച്ചില്ല ആര്യൻ അധിനിവേശത്തിലൂടെ നമ്മുടെ രാജ്യത്തേക്ക് വലിഞ്ഞു കേറി വന്ന കുടിയേറ്റ ബ്രാഹ്‌മണത്തിന്റെ അവശിഷ്ടപിണ്ഡങ്ങൾക്ക് കാറ് മറിച്ചിട്ടു ആ പാവത്തെ തല്ലി കൊല്ലാൻ ശ്രമിച്ചു അല്പം പ്രാണൻ ബാക്കിയുണ്ടെന്ന് അറിഞ്ഞപ്പോൾ അവശേഷിക്കുന്ന പ്രാണനും തല്ലിക്കൊന്ന് ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന തന്തയില്ലാതെ വ്യഭിചരിച്ച് ഉണ്ടായ ആർഎസ്എസ് നായിന്റെ മക്കൾ ” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആകുന്നത്.
എന്നാൽ, പ്രചരിക്കുന്ന വീഡിയോയിലുള്ളത് ജാതിയുടെ പേരിലുള്ള ആക്രമണമല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2025 ജൂലൈ 19ന് ഹരിയാനയിലെ മഹേന്ദ്രഗഞ്ചിൽ വാഹനം കൂട്ടിയിടിച്ചതുമായിബന്ധപ്പെട്ട് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷമാണിത്.
വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ Charkhi Dadri Updatse എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ചർഖി ദാദ്രിയിൽ ഒരു യുവാവിനെ സിനിമാ ശൈലിയിൽ മർദ്ദിച്ചു എന്നാണ് വീഡിയോയുടെ വിവരണത്തിൽ എഴുതിയിട്ടുള്ളത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിൽ ഒരു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതായി വീഡിയോയുടെ ഹിന്ദിയിലുള്ള വോയ്‌സ് ഓവറിലും പറയുന്നുണ്ട്. ഈ സൂചന ഉപയോഗിച്ച് കീ വേർഡ് സെർച്ച് നടത്തിയപ്പോൾ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ ലഭിച്ചു.
2025 ജൂലൈ 20ന് ഇടിവി ഭാരത് നൽകിയ റിപ്പോർട്ട് പ്രകാരം ഹരിയാനയിലെ ചർഖി ദാദ്രി പട്ടണത്തിലെ മഹേന്ദ്രഗഡ് ചാംഗിക്ക് സമീപം രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണിത്. ജൂലൈ 19ന് വൈകിട്ട് ദാദ്രിയിലെ മഹേന്ദ്രഗഡ് ടോൾ പ്ലാസയ്ക്ക് സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വാഹനങ്ങളിലുണ്ടായിരുന്നത് സ്ഥലത്തെ പ്രധാന ശത്രു ഗ്രൂപ്പുകളായിരുന്നു. തർക്കം രൂക്ഷമായപ്പോൾ ഒരു ഗ്രൂപ്പിലെ അംഗങ്ങൾ വെടിയുതിർത്തു. ദാദ്രിയിലെ കബീർ നഗറിൽ താമസിക്കുന്ന സാഹിൽ എന്ന യുവാവിനാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ സാഹിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർ വടികൊണ്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തെപ്പറ്റി പൊലീസിന്റെയും ദൃക്‌സാക്ഷികളുടെയും വിവരണം ഉൾപ്പെടെ വാർത്തയിൽ നൽകിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ വീഡിയോയിലുള്ളത് കാർ വാങ്ങിയതിന് ദളിത് യുവാവിനെ ഉയർന്ന ജാതിയിൽപ്പെട്ടവർ മർദ്ദിക്കുന്നതല്ലെന്നും ഹരിയാനയിൽ 2025 ജൂലൈ 19ന് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷമാണെന്നും വ്യക്തമായി.
















