മൂഡ് സ്വിങ്സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൻവിവാദമായിരുന്നു. വിദ്യാർത്ഥികളുൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അഭിഷാദ് പരാമർശം നടത്തിയത്. മാനസാകാരോഗ്യ വിദഗ്ധൻ വരെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
View this post on Instagram
ഇപ്പോഴിതാ വിവാദ പരാമർശത്തിന് വിശദീകരണവുമായി അഭിഷാദ് ഗുരുവായൂർ. വിമർശനങ്ങളോട് ഒരു പരിഭവവുമില്ലെന്നും വിമർശനങ്ങളിൽ ചിലതിൽ കഴമ്പുണ്ടെന്നും അത് ഉൾകൊള്ളുന്നുവെന്നും അഭിഷാദ് പറഞ്ഞു. തമാശയായി അവതരിപ്പിച്ചതിനെയാണ് പലരും ചൂണ്ടിക്കാണിച്ചത്. മൂഡ് സ്വിങ്സ് തമാശയാക്കേണ്ട വിഷയമല്ല എന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കുന്നതാണ് തന്റെ ക്ലാസിന്റെ രീതി. സ്ത്രീകൾക്ക് മൂഡ് സ്വിങ്സിന് കിട്ടുന്ന അതേ സപ്പോർട്ടും ചേർത്ത് പിടിക്കലും പുരുഷന്മാർക്കും ആവശ്യമുണ്ട് എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, അത് തമാശയിൽ അവതരിപ്പിച്ചപ്പോഴാണ് തെറ്റിധാരണ ഉണ്ടായതെന്നും അഭിഷാദ് പറഞ്ഞു. പലരും വിഡിയോ മുഴുവനായി കണാതെയാണ് വിമർശിക്കുന്നത്. മുഴുവൻ കണ്ടവർക്ക് അത് ബോധ്യമാകും. ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്യമം തുടരുമെന്നും അഭിഷാദ് ഗുരുവായൂർ കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഒരു മോട്ടിവേഷൻ ക്ലാസിലാണ് അഭിഷാദിന്റെ വിവാദ പരാമർശം ഉണ്ടാകുന്നത്. ”സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇ.എം.ഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം” അഭിഷാദ് പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിഷാദിനെതിരെ രംഗത്തെത്തിയത്.
















