ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ പിൻവാങ്ങുമ്പോൾ അവശേഷിക്കുന്നത് മറ്റൊരു യാഥാർഥ്യം. ഇസ്രായേൽ പിന്തുണയോടെ തഴച്ചുവളർന്ന പ്രാദേശിക കൊള്ളസംഘങ്ങൾ ഉയർത്തുന്ന ഭീഷണിയാണ് ഗസ്സയെ കാത്തിരിക്കുന്നത്. ഗസ്സയുടെ ഭാവി സർക്കാറെന്ന് സ്വയം അവകാശപ്പെടുന്ന മുൻ കൊള്ളസംഘത്തിെന്റ തലവൻ യാസർ അബു ശബാബിെന്റ നേതൃത്വത്തിലാണ് ഈ സംഘങ്ങൾ വിരാജിക്കുന്നത്. യു.എസ് പിന്തുണയോടെയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നല്ലൊരു ഭാഗം ഇവർക്കാണ് കിട്ടുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പണവും തോക്കുകളും കാറുകളും വാഹനങ്ങളും ഗസ്സയിലേക്ക് കള്ളക്കടത്ത് നടത്താൻ ഈ സംഘങ്ങൾക്ക് ഇസ്രായേൽ നൽകുന്ന പിന്തുണയും വെളിച്ചത്തുവന്നു.
ഹമാസിനെതിരെ പോരാടാൻ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. യാസർ അബു ശബാബിെന്റ സീനിയർ കമാൻഡർമാരിൽ ഒരാളുമായും ഗസ്സയിൽ പ്രവർത്തിച്ച ഐ.ഡി.എഫ് സൈനികനുമായും നടത്തിയ അഭിമുഖങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഗസ്സ കീഴടക്കുകയെന്ന ലക്ഷ്യമാണ് ഇസ്രായേലിന്. ഗസ്സയുടെ ഭാവി എന്തുതന്നെയായാലും നിയന്ത്രണം തങ്ങൾക്കുതന്നെ ആയിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. തെക്കൻ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കപ്പുറം പുൽമേടുകളും വില്ലകളും നിറഞ്ഞ 50 ഹെക്ടർ പ്രദേശമുണ്ട്. ഗസ്സയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ ജനങ്ങൾക്ക് ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്നു. ഇവിടത്തെ താമസക്കാർക്ക് കൈനിറയെ പണമുണ്ട്. പുത്തൻ സ്മാർട് ഫോണുകളും ഇറക്കുമതി ചെയ്ത് ബൈക്കുകളും ഇവർ ഉപയോഗിക്കുന്നു.
യാസറിെന്റ മുൻ കൊള്ളസംഘമായ പോപുലർ ഫോഴ്സസിെന്റ ആസ്ഥാനം ഇവിടെയാണ്. ഇസ്രായേൽ പിന്തുണയോടെ ഹമാസിൽനിന്ന് ഗസ്സയുടെ ഭരണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. 500-700 പോരാളികൾ ഉൾപ്പെടെ 1500ഓളം പേരാണ് ഇവിടെ താമസിക്കുന്നതെന്ന് പോപുലർ ഫോഴ്സസിെന്റ സീനിയർ കമാൻഡർ പറഞ്ഞു. അടുത്തിടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇവർ നിരവധി പേരെ റിക്രൂട്ട് ചെയ്തു. ഇപ്പോൾ 3000പേർ സംഘത്തിലുണ്ടെന്നാണ് കരുതുന്നത്. കരീം ശാലോം ക്രോസിങ് വഴി ഗസ്സയിലേക്ക് സഹായ വസ്തുക്കൾ എത്തുന്നത് ഈ പ്രദേശത്തുകൂടിയാണ്. സഹായ സാധനങ്ങളുമായി എത്തുന്ന ട്രക്കുകൾ കൊള്ളയടിച്ചാണ് ഇവർ തഴച്ചുവളർന്നത്. വേൾഡ് ഫുഡ് പ്രോഗ്രാം എത്തിച്ച ധാന്യമാവ് ചാക്കുകൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
STORY HIGHLIGHT : israeli-backed-gangs-roam-gaza
















