മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’.ചിത്രം 300 കോടി കളക്ഷന്‍ കടന്നു. മോഹൻലാൽ ചിത്രങ്ങളെ കടത്തിവെട്ടിയാണ് കല്യാണി പ്രിയദര്‍ശന്റെ ഈ നേട്ടം. ഇനി ലോക കാണാൻ പ്രേക്ഷകർ അധികം കാത്തിരിക്കേണ്ടി വരില്ല. ചിത്രം ഉടൻ ഒടിടിയിലേക്ക് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ലോക’ ജിയോഹോട്‌സ്റ്റാറിലാവും റിലീസ് ചെയ്യുക. സ്ട്രീമിങ് ഉടന്‍ ആരംഭിക്കുമെന്ന് ജിയോഹോട്‌സ്റ്റാര്‍ മലയാളം ഔദ്യോഗികമായി അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് ജിയോഹോട്‌സ്റ്റാറിന്റെ പ്രഖ്യാപനപോസ്റ്റര്‍ പങ്കുവെച്ചു. ചിത്രം 300 കോടി കളക്ഷന്‍ കടന്നതായി അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോഹന്‍ലാലിന്റെ ‘എമ്പുരാനെ’ പിന്നിട്ട് ചിത്രം പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
തീയേറ്ററില്‍ അഞ്ചാംവാരം പിന്നിട്ട ചിത്രം ഇരുനൂറിലധികം സ്‌ക്രീനുകളിലായി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് മാത്രം 120 കോടിയിലേറെയാണ് ചിത്രം കളക്ഷന്‍ നേടിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും വലിയ ശ്രദ്ധയും കളക്ഷനും നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് നായിക. നസ്ലിന്‍, സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തു. അഞ്ചുഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. രണ്ടാംഭാഗമായ ‘ലോക: ചാപ്റ്റര്‍ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാംഭാഗത്തിലെ നായകന്‍.
















