ധ്രുവ് വിക്രം നായകനാകുന്ന സ്‌പോർട്‌സ് ഡ്രാമയായ ‘ബൈസൺ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് നടി രജീഷ വിജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ മാരി സെൽവരാജ് തന്നെ രക്ഷിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തി.
ചിത്രത്തിന്റെ പ്രീ-റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം ഓർത്തെടുത്തപ്പോൾ രജീഷയ്ക്ക് കണ്ണീരടക്കാനായില്ല. സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വെച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് മാരി സാർ ആയിരുന്നു. ഷൂസോ, സോക്സോ പോലും മാറ്റാതെയാണ് അദ്ദേഹം തന്നെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയത് എന്നാണു നിറഞ്ഞ നന്ദിയോടെ രജീഷ പറഞ്ഞത്.
‘‘മാരി സർ എന്നെ ‘കർണൻ’ സിനിമയിലേക്ക് വിളിച്ചപ്പോൾ ശരിക്കും സന്തോഷമായി. ‘പരിയേറും പെരുമാൾ’ കണ്ടതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ വർക്കുകളുടെ ആരാധികയായി മാറിയിരുന്നു. അതിലുപരി, മറ്റ് തമിഴ് സിനിമകളൊന്നും ചെയ്യാതിരുന്ന എന്നെ ആ കഥാപാത്രം ഏൽപ്പിച്ചത് വലിയ കാര്യമായിരുന്നു. ‘കർണന്’ ശേഷം അദ്ദേഹം രണ്ട് സിനിമകൾ കൂടി ചെയ്തു, പക്ഷേ അതിലൊന്നും എന്നെ കാസ്റ്റ് ചെയ്തില്ല. ഞാൻ കാരണം തിരക്കിയപ്പോൾ, അദ്ദേഹം ലളിതമായി പറഞ്ഞു, ‘ആ കഥാപാത്രങ്ങളൊന്നും നിനക്ക് ചേരുന്നതായി തോന്നിയില്ല’ എന്ന്. ഒരു സംവിധായകനോടൊപ്പം വർക്ക് ചെയ്യുകയും നല്ലൊരു ക്രിയേറ്റീവ് സ്പേസ് പങ്കിടുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും നിങ്ങൾ അവരുമായി വീണ്ടും വർക്ക് ചെയ്യാൻ ആഗ്രഹിക്കും.
പിന്നീട ഒരു ദിവസം മാരി സർ വിളിച്ചു, രജീഷ ഞാൻ ഒരു പടം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. മാരി സർ എന്നെ ഈ പ്രോജക്ടിനായി സമീപിച്ചപ്പോൾ, ഇതൊരു സഹോദരിയുടെ കഥാപാത്രമായതുകൊണ്ട് ഞാൻ ചെയ്യുമോ എന്നൊരു സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് റോളായാലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാൻ 30 സിനിമകൾ ചെയ്തിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിലുള്ള എന്റെ വിശ്വാസം വളരെ വലുതാണ്. എനിക്ക് മാരി സാറിൽ അന്ധമായ വിശ്വാസമുണ്ട്.
ഈ സിനിമയുടെ വർക്കിനിടെ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. ‘കർണൻ’ സിനിമയ്ക്കായി ഞാൻ നീന്തൽ പഠിച്ചതുകൊണ്ട്, മാരി സർ എന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. രംഗം ചെയ്യാനുള്ള ആഗ്രഹത്തിൽ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നു, സത്യത്തിൽ ഞാൻ നീന്തൽ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോൾ, ഞാൻ താഴേക്ക് പോകുന്നത് പോലെ തോന്നി. ആ അഞ്ച് സെക്കൻഡിൽ എന്റെ അവസാനമായിരിക്കുമെന്ന് ഞാൻ കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു.ആളുകൾ എന്നെ രക്ഷിക്കുന്നതായി എനിക്ക് തോന്നി. ഞാൻ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകൻ മാരി സാർ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്സോ, കൂളേഴ്സോ പോലും മാറ്റാതെ പെട്ടെന്ന് തന്നെ എന്നെ രക്ഷിക്കാൻ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ‘ബൈസൺ’ ഒരു സ്പോർട്സ് ഡ്രാമ മാത്രമല്ല മാരി സെൽവരാജിന്റെ മുൻ സിനിമകൾ നൽകിയതിനേക്കാൾ കൂടുതൽ ഈ സിനിമയിൽ പ്രേക്ഷകർക്ക് ലഭിക്കും.’’–രജീഷ വിജയന്റെ വാക്കുകൾ.
ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബൈസൺ’ എന്ന സ്പോർട്സ് ഡ്രാമയിൽ ലാൽ, പശുപതി, രജീഷ വിജയൻ, ഹരി കൃഷ്ണൻ, അഴകം പെരുമാൾ, അരുവി മദനാന്ദ്, കളൈയരസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ‘ബൈസൺ കാലാമാടൻ’ എന്ന് പൂർണ നാമമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഈഴിൽ അരസു കെ.യും എഡിറ്റിങ് ശക്തി തിരുവും നിർവ്വഹിച്ചിരിക്കുന്നു. സമീർ നായർ, ദീപക് സൈഗൽ, സംവിധായകൻ പാ രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
















