എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. ഇപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും നീതി കിട്ടിയോ എന്ന ചോദ്യവുമായി നടി സീമ ജി. നായര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു താരത്തിന്റെ ചോദ്യം. കുടുംബത്തിന് നീതികിട്ടുമോയെന്ന് കാത്തിരുന്ന് കാണാമെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. അദ്ദേഹത്തിനും കുടുംബത്തിന് നീതി കിട്ടിയോ? ചിലകേസുകളില്‍ 1, 2, 3, എന്നതുപോലെയാണ് കേസെടുപ്പും ജയിലിലടയ്ക്കലും, റിമാന്‍ഡില്‍വെക്കലും. നല്ലൊരു ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വന്തം തെറ്റില്‍ അല്ല ജീവന്‍ ബലികൊടുക്കേണ്ടിവന്നത്. നഷ്ടപ്പെട്ടുപോയ ആ ജീവനും കുടുംബത്തിനും നീതി കിട്ടുമോയെന്ന് കാത്തിരുന്നു കാണാം’, നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14-ന് കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയില്‍ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി മലബാര്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു.
















