അത്രമേല്‍ ഹൃദയം തൊട്ടു മാത്രം എഴുതാനും വായിക്കാനും കഴിയുന്നതാണീ എഴുത്ത്. കാരണം, മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാര്യമാണ്. എത്രയോ വിവാദങ്ങളാണ് ദിനംപ്രതി മുന്നിലേക്കെത്തുന്നത്. അതെല്ലാം അതിന്റെ മെറിട്ടില്‍ തന്നെ ചര്‍ച്ച ചെയ്തും പരിഹാരം കണ്ടുമൊക്കെ മുന്നോട്ടു പോകുന്നുണ്ട്. എന്നാല്‍, പരസ്പര വിവാദങ്ങള്‍ക്കിടയിലും ഹൃദയംകൊണ്ട് നമ്മള്‍ കീഴടക്കുന്നത് ആരും കാണാതെയും അറിയാതെയും പോകരുത്. കാരണം, ഒന്ന് ഇല്ലാതാകുമ്പോള്‍ ഉയിര്‍കൊള്ളുന്നത് ആറോളം പുതു ജീവനുകളാണ്. ആ കഥയാണ് ജീവന്റെയും ജീവിതത്തിന്റെയും കഥ. ഹൃദയം പൊടിയും വേദനയുടെയും ഹൃദയ വിശാലതയുടെയും ഹൃദയങ്ങള്‍ സ്‌നേഹം കൊണ്ട് നിറയ്ക്കുന്നതിന്റെയും കഥകള്‍.
ഇതാ തിരുവനന്തപുരത്ത് അത്തരമൊരു സ്‌നേഹ സമ്പന്നവും ദീപ്തവുമായ ഒരു കഥ ഉണ്ടായിരിക്കുന്നു. തിരുവനന്തപുരം സ്വകാര്യ ആസുപത്രിയില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച മലിന്‍കീഴ് സ്വദേശിയായ 25 വയസ്സുകാരന്‍ അമല്‍ ബാബുവിന്റെ ഹൃദയം എറണാകുളത്തേക്ക് കൊണ്ടു പോവുകയാണ്. കെ. സോട്ടോയാണ് ഹൃദയം കൊണ്ടുപോകാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഹെലിക്കോപ്ടര്‍ മാര്‍ഗം എറണാകുളത്ത് എത്തിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അമല്‍ബാബുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നന്ജി അറിയിച്ചു. കുടുംബത്തിലെ ഒരു ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഹൃദയ വേദനയിലും, മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ സന്നദ്ധമായ ഹൃദയ വിശാലയതയാണ് ഇവിടെ കാണേണ്ടത്.
ദൈവത്തിന്റെ സ്വന്തം നാടേ, ഈ മനുഷ്യരുള്ളതു കൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തമായതെന്ന് പറയാതെ വയ്യ. സ്വന്തം മകന്റെയോ മകളുടെയോ മരണത്തിനു ശേഷം അവയവങ്ങള്‍ കൊടുത്താല്‍ എന്തുകിട്ടും എന്നു ചിന്തിക്കാതെ, മറ്റൊരു ജീവനെ നിലനിര്‍ത്താന്‍ ‘ദാനം’ കൊണ്ടു കഴിയുമെങ്കില്‍ അതാണ് വലിയ പുണ്യമെന്നു കരുതുകയാണവര്‍. അമല്‍ ബാബു വിശുദ്ധനും ജീവന്‍ നല്‍കിയവനുമായി മാറുകയാണ്. പേരറിയാവുന്ന സകല ദൈവങ്ങളോടും, സ്വര്‍ഗമെന്നൊന്നുണ്ടെങ്കില്‍ അമല്‍ ബാബുവിന് അവിടൊരു ഇരിപ്പിടം നല്‍കുമെന്ന വിശ്വാസമാണ് ഓരോ മലയാളികള്‍ക്കും ഉണ്ടാവുക.
അണല്‍ ബാബുവിനൊപ്പം വിശുദ്ധരായി സ്വഗാരോഹണം ചെയ്തവര്‍ നിരവധിപേരുണ്ട്. അവരെല്ലാം ഭൂമിയില്‍ ഇനിയും ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് തങ്ങളുടെ ഹൃദയവും കണ്ണും, വൃക്കയും, കരളുമെല്ലാം നല്‍കിയാണ് പോയത്. കഴിഞ്ഞ മൂന്നിന് കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം മറ്റൊരാളില്‍ മിടിക്കുകയാണ് ഇപ്പോള്‍. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44കാരിയിലാണ് ഹൃദയം ചേക്കേറിയത്. ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടില്‍ കെ അജിത (46)യുടെ ഹൃദയം ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവ. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് നല്‍കിയത്.
കഴിഞ്ഞ സെപ്തംബര്‍ 13നാണ് വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത് ബിജുവിന്റെ (18) ഹൃദയം ഉള്‍പ്പെടെ 6 അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി നല്‍കിയത്. വേര്‍പാടിന്റെ വേദനയ്ക്കിടയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബില്‍ജിത്തിന്റെ പിതാവ് ബിജുവും മാതാവ് ലിന്റയും സഹോദരന്‍ ബിവലും എടുത്ത തീരുമാനമാണ് ഹൃദയപൂര്‍വ്വം കേരളം ഓര്‍മ്മിക്കുന്നതും കടപ്പെടുന്നതും. ബില്‍ജിത് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ 13 വയസ്സുകാരിയിലാണ് ബില്‍ജിത്തിന്റെ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത്.
ഹൃദയം ലിസി ആശുപത്രി, ഒരു കിഡ്‌നി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, രണ്ടാമത്തെ കിഡ്‌നി രാജഗിരി, എയിംസ്, കാരിത്താസ് എന്നീ ആശുപത്രികളില്‍, കരള്‍ അമൃത ആശുപത്രി, കണ്ണുകള്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി എന്നിങ്ങനെയാണ് ഏറ്റെടുത്തത്. കൊല്ലം സ്വദേശിയുടെ ഹൃദയം കൊച്ചി സ്വദേശിയില്‍ മിടിക്കുന്നു. കോഴിക്കോട് സ്വദേശിയുടെ അവയവങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളിലുള്ളവരിലും പ്രവര്‍ത്തിക്കുന്നു. ഇതാണേ കേരളം. റിയല്‍ സ്റ്റോ ഓഫാ കേരളം. അവയവ ദാനത്തിനായി എല്ലാവരും സന്നദ്ധരാകണമെന്നാണ് പറയാനുള്ളത്. കാരണം, മരിച്ചുകഴിഞ്ഞാല്‍ ഈ അവയവങ്ങളൊന്നും ഒരു ഉപയോഗവുമില്ലാതെയാകും. അതിനേക്കാള്‍ എത്രയോ മഹത്തരമാണ് മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കുന്നത്.
CONTENT HIGH LIGHTS; Kerala with a “heart”: God’s own people, putting their hearts above all controversies?; Amal Babu also became a saint by donating his organs
















