ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മുട്ട. പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട, ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കിയാൽ നമുക്ക് ഊർജസ്വലത കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇൻസ്റ്റഗ്രാമും യൂട്യൂബും നോക്കിയാൽ ആരോഗ്യ നുറുങ്ങുകൾ ധാരാളം ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും വാസ്തവമല്ല എന്നതാണ് സത്യം. കൊഴുപ്പ് എല്ലായ്‌പ്പോഴും ശരീരത്തിന് ദോഷം ചെയ്യും, മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യം ഇല്ലാതാക്കും, തുടങ്ങിയുള്ള വിവരങ്ങൾ പലതും തെറ്റാണെന്നും ഇതിന്റെ സത്യാവസ്ഥ എന്താണെന്നും പോഷകാഹാര വിദഗ്ധയായ ലോവനീത് ബത്ര പറയുന്നു.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ എല്ലായ്‌പ്പോഴും മികച്ചതാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. കൊഴുപ്പ് ശരീരഭാരം കൂട്ടുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ ആയ നട്സ്, വെണ്ണപ്പഴം അഥവാ അവൊക്കാഡോ, നെയ്യ് തുടങ്ങിയവ ഹോർമോൺ സന്തുലനത്തിനും വിശപ്പകറ്റാനും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ആവശ്യമാണെന്നും ലോവനീത് പറയുന്നു.
പോഷകങ്ങൾ ലഭിക്കാൻ ഫ്രഷ് ജ്യൂസുകൾ ആണ് ഏറ്റവും നല്ലത് എന്നതാണ് മറ്റൊരു തെറ്റായ ധാരണ. ജൂസ് കുടിക്കുന്നതാണ് ഏറെ ആരോഗ്യകരം എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ ജൂസ് അഥവാ പഴച്ചാറുകൾ ആരോഗ്യകരമെന്ന് തോന്നാമെങ്കിലും അവയിൽ നിന്ന് നാരുകൾ (Fiber) എല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ നാരുകൾ ആവശ്യമാണ്. ആരോഗ്യഗുണങ്ങൾ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും അതേപോലെ കഴിക്കുന്നതാണ് നല്ലത്.
ഉപ്പ് എല്ലാവർക്കും ദോഷം ചെയ്യുന്നതാണ് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. പ്രോസസ് ചെയ്ത ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ് എന്നാൽ നാഡികളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് മിതമായ അളവിൽ ഉപ്പ് ആവശ്യമാണ്. ഒരു ‘മാജിക് ഫുഡ്’ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്നതാണ് മറ്റൊരു തെറ്റായ വിശ്വാസം. സൂപ്പർഫുഡുകൾ ഒരിക്കലും സമീകൃതഭക്ഷണങ്ങൾക്കു പകരമാവില്ല. ഏതെങ്കിലും അദ്ഭുത ഭക്ഷണങ്ങളെക്കാൾ വ്യത്യസ്തതയും പല ഭക്ഷണങ്ങൾ കൂട്ടായി ചേരുമ്പോഴുള്ള ഫലങ്ങളും (ഭക്ഷണങ്ങളുടെ സമന്വയം) ആണ് ഏറെ പ്രധാനമായത്. ബത്ര പറയുന്നു.
മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിന് ദോഷം ചെയ്യും എന്നും കൊളസ്ട്രോൾ കൂട്ടും എന്നും വർഷങ്ങളായി കേൾക്കുന്ന ഒരു തെറ്റായ വിവരമാണ്. എന്നാൽ മുട്ടയിലെ കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷം ചെയ്യില്ല. മിതമായ അളവിൽ കഴിച്ചാൽ മുട്ട, പോഷക സമ്പന്നവും ഹൃദയാരോഗ്യമേകുന്നതുമായ ഒരു ഭക്ഷണമാണ് എന്നും ലോവനീത് ബത്ര പറയുന്നു.
















