മുംബൈ: കോടീശ്വരനായിരുന്നിട്ടും സിഗരറ്റ്, പാൻമസാല തുടങ്ങിയ ഹാനികരമായ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനവുമായി യൂട്യൂബർ ധ്രുവ് റാഠി. ഷാരൂഖ് ഖാന് ഇത്രയും പണം പോരേ? എന്തിനാണ് പാന്‍ മസാലപോലെ ഹാനികരമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നും ധ്രുവ് റാഠി തന്റെ എക്സ് അക്കൗണ്ട് വഴി ചോദിച്ചു.
My question to Shah Rukh Khan.@iamsrk pic.twitter.com/MZjCbsIkjx
— Dhruv Rathee (@dhruv_rathee) October 15, 2025
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്റെ മൊത്തം ആസ്തി ഇപ്പോള്‍ ഇന്ത്യന്‍ രൂപയില്‍ 12,400 കോടിയാണെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. പലിശയിലൂടെ ഇതിന്റെ എത്രമടങ്ങ് അദ്ദേഹത്തിന് സമ്പാദിക്കാന്‍ കഴിയുമെന്ന് ആശ്ചര്യംപ്രകടിപ്പിച്ച ധ്രുവ്, ആഡംബര വസ്തുക്കള്‍ക്കും പ്രൈവറ്റ് ജെറ്റിനും യാത്രകള്‍ക്കുമായി പണം മാറ്റിവെച്ചാലും എത്രതുക ബാക്കിയുണ്ടാവുമെന്നും ചോദിച്ചു.
‘ഷാരൂഖ് ഖാന് ഇത്രയും പണം പോരേ? മതിയെങ്കില്‍ പിന്നെ എന്തിനാണ് പാന്‍ മസാലപോലെ ഹാനികരമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നത്’, ധ്രുവ് ചോദിച്ചു. 2014-ല്‍ പാന്‍ പസാല പരസ്യത്തിനായി 20 കോടിയാണ് ഷാരൂഖ് പ്രതിഫലം വാങ്ങിയതെന്ന് ധ്രുവ് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നൂറുമുതല്‍ 200 കോടിവരെ വാങ്ങുന്നുണ്ടാവാമെന്നും ധ്രുവ് പറഞ്ഞു.
‘യഥാര്‍ത്ഥ ചോദ്യം ഇതാണ്, നിങ്ങള്‍ക്ക് ശരിക്കും അധികമായി കിട്ടുന്ന ഈ 100- 200 കോടി രൂപയുടെ ആവശ്യമുണ്ടോ? നിങ്ങള്‍ ആത്മാര്‍ഥമായി ഒന്നാലോചിച്ച് സ്വയം ചോദിക്കുക. ഇത്രയധികം സമ്പത്തുകൊണ്ട് നിങ്ങള്‍ എന്തുചെയ്യാനാണ്? ഇനി മറ്റൊരു കോണില്‍നിന്ന് ചിന്തിക്കുക, രാജ്യത്തെ ഏറ്റവും വലിയ ഒരു നടന്‍ ഇത്തരം ഹാനികരമായ ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാല്‍, അത് രാജ്യത്ത് എന്ത് സ്വാധീനമായിരിക്കും ചെലുത്തുക?’, ധ്രുവ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ധ്രുവ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഷാരൂഖ് ഖാന് ലഭിക്കുന്നതുവരെ ഷെയര്‍ചെയ്യാന്‍ തന്റെ ഫോളോവേഴ്‌സിനോട് ധ്രുവ് റാഠി അഭ്യര്‍ഥിച്ചു.
















