മുംബൈ: വിദേശയാത്രയ്ക്ക് അനുമതി തേടി ബോംബെ ഹൈക്കോടതിയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. 60 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നടി ശിൽപ്പാഷെട്ടിക്കൊപ്പം ഭർത്താവ് രാജ്കുന്ദ്രയും പ്രതിയാണ്.
അവരുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിനുമുന്നിൽ അപേക്ഷ പിൻവലിക്കുന്നതായി അറിയിച്ചു.ഭാവിയിൽ യാത്രചെയ്യാൻ ആഗ്രഹിക്കുമ്പോൾ, കോടതിയിൽനിന്ന് അനുമതിതേടി അവർ പുതിയഅപേക്ഷ സമർപ്പിക്കും. ഇപ്പോഴത്തെ അപേക്ഷയിൽ അവർ സമ്മർദം ചെലുത്തുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
2015 മുതൽ 2023 വരെ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 60 കോടിരൂപ നിക്ഷേപിക്കാൻ രാജ്കുന്ദ്രയും ശിൽപ്പാഷെട്ടിയും ചേർന്ന് പ്രേരിപ്പിച്ചതായും എന്നാൽ ആ തുക സ്വന്തം നേട്ടങ്ങൾക്കായി അവർ ഉപയോഗിച്ചതായും താൻ വഞ്ചിക്കപ്പെട്ടതായും ആരോപിച്ച് ദീപക്‌കോത്താരി എന്നയാളാണ് ദമ്പതിമാർക്കെതിരേ പരാതിനൽകിയത്.
കേസന്വേഷിക്കുന്ന സിറ്റി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) താത്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദമ്പതിമാർ കഴിഞ്ഞമാസം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഒക്ടോബർ മുതൽ ജനുവരിവരെ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി വിദേശയാത്രയ്ക്ക് അവർ അനുമതി തേടുകയായിരുന്നു.
വഞ്ചനാക്കേസിൽ പ്രതികളായതിനാൽ വിദേശയാത്ര അനുവദിക്കാൻ കഴിയില്ലെന്നും 60 കോടി രൂപ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഹർജി പരിഗണിക്കൂ എന്നും നേരത്തേ വാദംകേൾക്കുന്നതിനിടെ കോടതി വ്യക്തമാക്കിയിരുന്നു.
















