പ്രശസ്ത സംവിധായകൻ വെട്രിമാരൻ നടൻ സിമ്പുവുമായി കൈകോർക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അരസൻ’ ന്റെ അഞ്ചു മിനിറ്റിലധികം ദൈർഘ്യമുള്ള പ്രൊമോ വിഡിയോക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു. ‘വടാ ചെന്നൈ’ യൂണിവേഴ്സിലെ ഒരു പുതിയ കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രൊമോ ഒക്ടോബർ 16-ന് തിയേറ്ററുകളിലും തുടർന്ന് ഒക്ടോബർ 17-ന് ഓൺലൈനിലും റിലീസ് ചെയ്‌തു.
സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെ ഉൾപ്പെടുത്തി, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് പ്രൊമോയുടെ മുഖ്യ ആകർഷണം. ‘വേറെ ലെവൽ’ എന്ന അഭിപ്രായമാണ് പ്രേക്ഷകർ വീഡിയോക്ക് നൽകിയിരിക്കുന്നത്. ചെറുപ്പക്കാരന്റെയും മധ്യവയസ്കന്റെയും രൂപത്തിലുള്ള സിമ്പുവിനെ പ്രൊമോയിൽ കാണാം. കോടതി മുറിയിൽ നടക്കുന്ന സംഭവങ്ങളോടെയാണ് പ്രൊമോ ആരംഭിക്കുന്നത്.
‘ആൻ അൺടോൾഡ് ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വടാ ചെന്നൈ’ (An untold tale from the world of Vada Chennai) എന്ന ടാഗ്ലൈൻ, ചിത്രം ‘വടാ ചെന്നൈ’ ലോകത്തെ വികസിപ്പിക്കുന്ന ഒന്നാണെന്ന് ഉറപ്പിക്കുന്നു. ഈ ചിത്രം ധനുഷ് നായകനായ ‘വടാ ചെന്നൈ’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമ്മിക്കുന്നത്.
‘അരസൻ’ ചിത്രത്തിൽ സിമ്പുവിന്റെ നായികയായി സായി പല്ലവി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിൽ ‘വടാ ചെന്നൈ’യിലെ ആൻഡ്രിയ ജെറീമിയ, സമുദ്രക്കനി, കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കൂടാതെ, നടൻ മാണിക്യകണ്ഠനും ചിത്രത്തിൽ ഉണ്ടാകും. പ്രൊമോയുടെ തെലുങ്ക് പതിപ്പ് യുവനടൻ ജൂനിയർ എൻ.ടി.ആർ ആണ് ലോഞ്ച് ചെയ്തത്. ഈ ചിത്രം ‘വടാ ചെന്നൈ’ യൂണിവേഴ്സിലെ ഒരു സമാന്തര ആഖ്യാനമാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ദീപാവലിക്ക് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
















