ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിയിൽ നിന്നുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ പ്രകാശ് വർമ്മയും മോഹൻലാലും ഒരുമിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയ ഇവർ ഒരുമിച്ച് പാടുന്ന വീഡിയോ ഇതിനോടകം വൈറൽ ആണ്.
Benz & George Sir in a parallel universe 🤎🔥pic.twitter.com/XP3ZYIcUJu
— ABHILASH THANKAMANI (@itsmeStAbhi) October 17, 2025
ആമിർ ഖാൻ ചിത്രമായ ഖയാമത്ത് സെ ഖയാമത് തക്കിലെ പപ്പാ കഹ്തെ ഹെ എന്ന ഗാനമാണ് ഇരുവരും വേദിയിൽ പാടുന്നത്. ആസ്വദിച്ച് പാടുകയും ഇടയ്ക്ക് ചിരിച്ചുകൊണ്ട് ഡാൻസ് കളിക്കുകയും ചെയ്യുന്ന പ്രകാശ് വർമയേയും മോഹൻലാലിനെയും വീഡിയോയിൽ കാണാം. ‘ബെൻസും ജോർജ് സാറും പാരലൽ യൂണിവേഴ്സിൽ’ എന്നാണ് വീഡിയോക്ക് വരുന്ന കമന്റുകൾ.
തരുൺ മൂർത്തി ഒരുക്കിയ തുടരും എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിലെ പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു . മോഹൻലാലിന്റെ കരിയറിലെ രണ്ടാമത്തെ 200 കോടി പടമാണ് തുടരും. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ തിയേറ്ററിൽ ആളെക്കൂട്ടി. തരുൺ മൂർത്തി ഒരുക്കിയ സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
അതേസമയം, 2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ പുത്തൻ റിലീസിന് പുറമേ ഛോട്ടാ മുംബൈ, രാവണപ്രഭു സിനിമകൾ വീണ്ടും തിയേറ്ററിൽ മോഹൻലാലിന്റേതായി റീ റിലീസ് ചെയ്തിട്ടുണ്ട്.
















