സോഷ്യൽ മീഡിയയിൽ നേരിടേണ്ടടി വന്ന ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും മനസുതുറന്ന് തെന്നിന്ത്യൻ നടിയും, സംരംഭകയുമായ സാമന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയുമായുള്ള വേർപിരിയലിനെക്കുച്ചും അസുഖത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വിജയത്തെയും സന്തോഷത്തെയും കുറിച്ചുള്ള ആളുകളുടെ ധാരണകളെ സോഷ്യൽ മീഡിയയും സെലിബ്രിറ്റി സംസ്കാരവും എങ്ങനെ വളച്ചൊടിച്ചുവെന്ന് നടി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ കാലത്ത് താരങ്ങളുടെ ജീവിതം പലപ്പോഴും തുറന്ന പുസ്തകങ്ങളാവാറുണ്ട്. അവരുടെ ജീവിതത്തിലെ മിക്ക കാര്യങ്ങളും ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതും അതുകൊണ്ടാണ്. അത്തരത്തിൽ തന്റെ സ്വകാര്യ ജീവിതവും ആരോഗ്യവുമെല്ലാം ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്യപ്പെട്ട തെന്നിന്ത്യൻ നടിയാണ് സാമന്ത റൂത്ത് പ്രഭു.
തന്റെ വിവാഹ മോചനവും രോഗാവസ്ഥയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാവുകയും ധാരാളം ചർച്ചകൾക്കും ട്രോളുകൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ തന്റെ സ്വകാര്യ ജീവിതത്തിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതായും താരം വെളിപ്പെടുത്തി. എൻ.ഡി.ടി.വി സംഘടിപ്പിച്ച വേൾഡ് സമ്മിറ്റിൽ പങ്കെടുക്കവെയാണ് നടി സാമന്ത മനസ്സ് തുറന്നത്.
തന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും പരസ്യമായത് ധാരാളം ട്രോളുകൾക്കും മുൻവിധികൾക്കും കാരണമായിട്ടുണ്ട്. എന്നാൽ വിജയത്തെയും സന്തോഷത്തെയും കുറിച്ചുള്ള ആളുകളുടെ ധാരണകളെ സോഷ്യൽ മീഡിയയും സെലിബ്രിറ്റി സംസ്കാരവും വളച്ചൊടിക്കുകയാണെന്നും എല്ലാം തികഞ്ഞവരായി ആരുമില്ലെന്നും നടി പറഞ്ഞു. അത്തരത്തിൽ ഒരുപാട് തെറ്റുകൾ തന്റെ ജീവിതത്തിലും സംഭവിച്ചു. എന്നാൽ അതിൽ നിന്നെല്ലാം പാഠമുൾക്കൊണ്ട് മികച്ച വ്യക്തിയാവാനുള്ള ശ്രമത്തിലാണ് താനെന്നും നടി പറഞ്ഞു.
കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ കാണുന്ന ജീവിതങ്ങൾക്ക് പിറകേ പോകരുതെന്നും അതുപോലെ ജീവിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ സാമന്ത തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്നു. സാധാരണ കുടംബത്തിൽ നിന്നും വന്ന നടിയുടെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആദ്യ സിനിമ കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. ഒറ്റ രാത്രി കൊണ്ട് പേരും പ്രശസ്തിയും പണവും കൈയടിയുമെല്ലാം ലഭിച്ചെങ്കിലും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇത്തരത്തിൽ ഒന്നുമില്ലാത്തിടത്ത് നിന്നും വന്നാണ് സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്തതെന്ന് നടി പറഞ്ഞു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നടൻ നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. നടിക്ക് ഓട്ടോഇമ്മ്യൂൺ ഡിസീസ് സ്ഥിരീകരിച്ചതും രോഗം കാരണം ശരീരത്തിൽ വന്ന മാറ്റങ്ങളും സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചയായിരുന്നു.
















