ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ നടിയാണ് റിമ കല്ലിങ്കൽ. ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ സിനിമകളിൽ തനിക്ക് അവസരങ്ങള്‍ കിട്ടാറില്ലെന്ന് തുറന്നുപറയുകയാണ് റിമ കല്ലിങ്കൽ.
മമ്മൂട്ടി പറയുന്ന പോലെ എല്ലാ തവണയും തേച്ചുമിനുക്കി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, എന്നാൽ അതിനനുസരിച്ച് അവസരങ്ങൾ കിട്ടുന്നില്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. “ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ട്. മമ്മൂക്ക പറയുന്നപോലെ എല്ലാ തവണയും തേച്ച് മിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല. മമ്മൂക്കക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല.
അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നു. പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും. ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. കാരണം, പുതിയ ആളുകളില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍.” ഫിൽമിഹുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
















