കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിനിമ പി ആര്‍ ഒയുമായ പി ആര്‍ സുമേരന്‍ ഡോക്യുമെന്‍ററി സംവിധാനരംഗത്തേക്ക് ചുവടുവെച്ചു. കാല്‍നൂറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തനരംഗത്ത് സജീവമായി തുടരുന്ന പി ആര്‍ സുമേരന്‍ ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സിനിമാ പി ആര്‍ ഒ യാണ്. മലയാളം, തമിഴ്,മറാത്തിതുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പി ആര്‍ ഒ യായി പ്രവര്‍ത്തിച്ചുവരുന്നു. ചലച്ചിത്ര സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ അഞ്ഞൂറിലേറെ പ്രമുഖരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വേണ്ടിയും പ്രമുഖരുമായി അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒട്ടേറെ ലേഖനങ്ങളും ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. നിരവധി മാഗസിനുകളും പുസ്തകങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. ആകാശവാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മാധ്യമ രംഗത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അദ്ദേഹം ഡോക്യുമെന്‍ററി സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഗ്രാമങ്ങളുടെ പൈതൃകവും സംസ്ക്കാരവും ചരിത്രവും കേന്ദ്രീകരിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഡോക്യുമെന്‍ററി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.
ഇതിന്‍റെ മുന്നോടിയായി ആലപ്പുഴ ജില്ലയിലെ പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി കഴിഞ്ഞ ദിവസം പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വികസന വിസ്മയം, വികസന നേട്ടം@2025, വികസന മുന്നേറ്റം എന്നീ ടൈറ്റിലുകളിലാണ് പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ ഡോക്യുമെന്‍ററികള്‍ ചിത്രീകരിച്ചത്. തുടര്‍ന്ന് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്‍ററികളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് പി ആര്‍ സുമേരന്‍ പറഞ്ഞു. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്‍ററികളുടെ ചിത്രീകരണം.
പി ആര്‍ മീഡിയയുടെ ബാനറില്‍ ഒരുക്കിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ അഞ്ച് എപ്പിസോഡുകളിലായി റിലീസ് ചെയ്തിരുന്നു. സ്ക്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളെ ഊന്നിക്കൊണ്ടുള്ള പഞ്ചായത്തുകളുടെ വികസന നേട്ടങ്ങളുടെ ഡോക്യുമെന്‍ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക പി ആര്‍ ഒ യൂണിയന്‍, എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര പ്രവര്‍ത്തകരുെട സാംസ്ക്കാരിക സംഘടനയായ മാക്ടയുടെ ആക്റ്റീവ് മെമ്പറുമാണ് പി ആര്‍ സുമേരന്‍. കൊച്ചി ആസ്ഥാനമായാണ് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
















