തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലീ. ‘ജവാൻ’ ആണ് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ അറ്റ്‌ലി സംവിധാനം ചെയ്ത് നടൻ രൺവീർ സിംഗ്, ശ്രീലീല, ബോബി ഡിയോൾ എന്നിവർ അഭിനയിക്കുന്ന പുതിയ പരസ്യത്തിന്റെ ബജറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 150 കോടി ബജറ്റിൽ ആണ് പരസ്യ ചിത്രം ഒരുങ്ങുന്നത്.
View this post on Instagram
ഫുഡ് ബ്രാൻഡായ ചിങ്‌സിനു വേണ്ടിയാണ് അറ്റ്ലീ പരസ്യം ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്. നാളെയാണ് പരസ്യം റീലീസ് ചെയ്യുന്നത്. അഭിപ്രായം മികച്ചതാണെങ്കിലും ഒരു പരസ്യത്തിന് വേണ്ടി ഇത്രയും തുക ചിലവഴിക്കുന്നതിൽ വിമർശനവും വന്നിട്ടുണ്ട്. 150 കോടി ഉണ്ടെങ്കിൽ നല്ലൊരു സിനിമ എടുക്കാമല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതേസമയം, അറ്റ്ലീയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ അല്ലു അർജുൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രമാണ്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്.
















