മസിൽ പെരുപ്പിക്കാനായി ജിമ്മിൽ സമയം ചെലവഴിക്കുന്ന ഫിറ്റ്നസ് പ്രേമികൾക്ക് പ്രോട്ടീൻ പൗഡർ എപ്പോഴും പ്രധാന ആഹാരമായിരുന്നു. എന്നാൽ ഇതിനെ മറികടന്ന് ഒരു അതിവിചിത്രമായ ഫിറ്റ്നസ് ട്രെൻഡ് ഇപ്പോൾ യുഎസിൽ പ്രചാരത്തിലാകുകയാണ്. അതെന്താണ് ആ ഫിറ്റ്നസ് ട്രെൻഡ് എന്നാണോ ആലോചിക്കുന്നത്? മുലപ്പാൽ ആണ് ആ സൂപ്പര് ഫുഡ് .
മുലപ്പാലിൽ മസിൽ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്ന രഹസ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ചില ബോഡിബിൽഡർമാർ. മുലപ്പാൽ പ്രോട്ടീൻ സമ്പുഷ്ടമാണെന്നും അതിനാൽ ശരീരത്തിന്റെ കരുത്ത് വർധിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇതിന്റെ ഫലമായി ഓൺലൈനിലൂടെ മുലപ്പാൽ വിൽപ്പന തകൃതിയായി നടക്കുകയാണ്. ഫേസ്ബുക്കിലൂടെ ബന്ധങ്ങൾ സ്ഥാപിച്ച് വലിയ തുക ചെലവഴിച്ചാണ് ചിലർ മുലപ്പാൽ വാങ്ങുന്നത്.
സത്യത്തിൽ മുലപ്പാൽ മസിൽ വളർച്ചയ്ക്ക് സഹായിക്കുമോ?
ഡോക്ടർമാരുടെ അഭിപ്രായമനുസരിച്ച് മുലപ്പാൽ മുതിർന്നവർക്ക് അനുയോജ്യമല്ല. മസിൽ വളർച്ചയ്ക്കോ ശരീര കരുത്തിനോ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.
“ഒരു കപ്പ് മുലപ്പാലിൽ 88% വെള്ളവും 2.5 ഗ്രാം പ്രോട്ടീനും മാത്രമേയുള്ളു. അതേസമയം, ഒരു കപ്പ് പശുവിൻ പാൽ 7.8 ഗ്രാം പ്രോട്ടീനും പ്രോട്ടീൻ പൗഡറുകൾ 28 ഗ്രാം പ്രോട്ടീനും അടങ്ങിയവയാണ്,” ഡോ. കുനാൽ സൂദ് വിശദീകരിക്കുന്നു.
അംഗീകൃത മിൽക്ക് ബാങ്കുകളിൽ നിന്നല്ലാതെ ഓൺലൈനായി മുലപ്പാൽ വാങ്ങുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പതിയിരിക്കുന്ന അപകടങ്ങൾ നിരവധി
ഓൺലൈൻ മുലപ്പാൽ വിൽപ്പനയിലൂടെ ചില ആരോഗ്യ അപകടങ്ങൾ ഉയരുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്:
മുലപ്പാലിൽ ബാക്ടീരിയകളും വൈറസുകളും (HIV, HTLV, CMV, ലിസ്റ്റീരിയ, സാൽമൊണെല്ല, ഇ. കോലി) കലരാൻ സാധ്യതയുണ്ട്. ലാക്ടോസ് ഇന്റോളറൻസ് ഉള്ളവർക്ക് വയറുവേദന, വയറുവീർപ്പ്, ഡയറിയ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. മുലപ്പാൽ കുട്ടികൾക്കുള്ളതാണ്. മുതിർന്നവരുടെ ശരീരഘടനയ്ക്കും ആവശ്യങ്ങൾക്കും അനുയോജ്യമല്ല.
ശാസ്ത്രീയമായ നിലപാട്
മുലപ്പാൽ കുഞ്ഞുങ്ങൾക്കുള്ള പോഷകസമ്പുഷ്ടമായ ദ്രാവകമാണ്. ഇതിൽ പ്രോട്ടീൻ, കൊഴുപ്പ്, ഇമ്യൂണോഗ്ലോബുലിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ, മുലപ്പാൽ മുതിർന്നവർക്കുള്ള “മസിൽ ബൂസ്റ്റർ” അല്ല. അതിനാൽ,പ്രോട്ടീൻ പൗഡറുകളോ സമതുലിതമായ ഡയറ്റോ പോലുള്ള സുരക്ഷിത മാർഗങ്ങൾ പിന്തുടരാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
















