വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുത്തൻ കണ്ടുപിടുത്തവുമായി ഗവേഷകർ. ഒരു ദശാബ്ദക്കാലത്തെ നിരന്തര ഗവേഷണങ്ങൾക്ക് ശേഷം ‘യൂണിവേഴ്സൽ കിഡ്നി’ സൃഷ്ടിച്ചിരിക്കുകയാണ് കാനഡയിലും ചൈനയിലുമുള്ള ഗവേഷകർ. വൃക്ക മാറ്റിവയ്ക്കാൻ വിധേയനാവുന്ന ഏതൊരാൾക്കും സ്വീകരിക്കാൻ കഴിയുന്നതാണ് യൂണിവേഴ്സൽ കിഡ്നി. ഇത് വഴി അനുയോജ്യമായ ദാതാക്കളെ തിരയുന്നതിനിടെ രോഗികൾ നേരിടുന്ന ദീർഘവും വേദനാജനകവുമായ കാത്തിരിപ്പിന് അറുതി വരുത്തുകയും ചെയ്യും.
സാധാരണയായി, O രക്തഗ്രൂപ്പുള്ള രോഗികളാണ് ഏറ്റവും കൂടുതൽ കാത്തിരിപ്പ് സമയം നേരിടുന്നത്, കാരണം അവർക്ക് O ദാതാക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ കഴിയൂ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം, അനുയോജ്യമായ വൃക്കയുടെ അഭാവം മൂലം പ്രതിദിനം 11 പേർ മരിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മറ്റ് രക്തഗ്രൂപ്പുകളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, ടൈപ്പ് O വൃക്കകൾ ഇപ്പോഴും വളരെ കുറവാണ്. പുതിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ എ ബ്ലഡ് ഗ്രൂപ്പിലുള്ള കിഡ്നി ഒ ഗ്രൂപ്പുകാർക്ക് സ്വീകരിക്കാവുന്ന കിഡ്നിയാക്കി മാറ്റി. ഇതോടെ ഇത് ആർക്കും സ്വീകരിക്കാവുന്ന ഡോണർ കിഡ്നികൂടിയായി മാറിയെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി കണ്ടെത്തിയ പ്രത്യേകമായ ചില എൻസൈമുകളുടെ സഹായത്തോടെ എ ബ്ലഡ് ഗ്രൂപ്പിലുള്ള ആന്റിജനുകളെ നീക്കം ചെയ്താണ് ഇത് സാധ്യമാക്കിയത്.
ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഗവേഷകർ സൃഷ്ടിച്ച കിഡ്നി ഇയാളിൽ ദിവസങ്ങളോളം പ്രവർത്തിച്ചുവെന്നാണ് അവകാശവാദം. ഒരു മനുഷ്യനിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം വിജയിച്ചതെന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ബയോകെമിസ്റ്റായ സ്റ്റീഫൻ വിതേഴ്സ് പറയുന്നു. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് ദീർഘകാലം ഫലം നൽകുന്ന രീതിയിലേക്ക് എത്താന്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നുള്ളതിന് ഒരു വഴികാട്ടിയാണ് ഈ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ച എ ബ്ലഡ് ടൈപ്പുള്ള ആളിൽ നിന്നെടുത്ത കിഡ്നിയാണ് മാറ്റം വരുത്തി ബ്രയിൻ ഡത്ത് സംഭവിച്ച ഒ ബ്ലഡ് ടൈപ്പിലുള്ള വ്യക്തിയിലാണ് പരീക്ഷിച്ചത്. ടൈപ്പ് എയിലെ ആന്റിജൻ ചെയിനുകളെ മുറിച്ചുകളയാനുള്ള കത്രികയായി ഈ എൻസൈമുകളെ ഉപയോഗിച്ചെന്ന് പറയാം. ഇങ്ങനെ ചെയ്യുമ്പോൾ വൃക്ക സ്വീകരിക്കുന്നയാളുടെ പ്രതിരോധ വ്യവസ്ഥ അതിനെ ശരീരത്തിന് പുറത്തുള്ള വസ്തുവായി കണക്കാക്കില്ല.
“ഒരു മനുഷ്യ മാതൃകയിൽ ഇത്രയും വിജയം കാണുന്നത് ഇതാദ്യമായാണ്,” ഈ പദ്ധതിയുടെ ഭാഗമായ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ബയോകെമിസ്റ്റ് സ്റ്റീഫൻ വിതേഴ്സ് പറഞ്ഞു. “ദീർഘകാല ട്രാൻസ്പ്ലാൻറ് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ ഇത് ഞങ്ങൾക്ക് നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പഠനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജീവിച്ചിരിക്കുന്ന രോഗികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഒന്നിലധികം പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമായി വരുമെങ്കിലും, ട്രാൻസ്പ്ലാൻറേഷൻ മെഡിസിനിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എൻസൈമുകൾ വഴി നീക്കം ചെയ്ത ആന്റിജനുകൾ കുറച്ച് സമയത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്നും കൂടുതൽ സമയത്തേക്ക് ഈ ആവർത്തനം എങ്ങനെ തടയാമെന്നും മനസ്സിലാക്കുന്നതിലാണ് ഗവേഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
















