കോട്ടയത്തു സൈബർ തട്ടിപ്പുകാർ ബിഎസ്എൻഎൽ റിട്ടയേർഡ് ജീവനക്കാരിയെ നാല് ദിവസം ‘വെർച്വൽ അറസ്റ്റിൽ’ വെച്ച് 25 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം സൈബർ പോലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി. മുംബൈ പോലീസ് എന്ന വ്യാജേനയെത്തിയ തട്ടിപ്പുസംഘം ഒക്ടോബർ 15 മുതൽ 18 വരെയാണ് എഴുപത്തഞ്ചുകാരിയെ കെണിയിലാക്കിയത്. ഈ ദിവസങ്ങൾക്കുള്ളിൽ ഇവരുടെ 1.75 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തു. പണം കൈമാറിയ അക്കൗണ്ട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരം ശനിയാഴ്ചയാണ് യുവതി ഒരു സ്വകാര്യ ബാങ്ക് മാനേജരെ സമീപിച്ച് 25 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ മാനേജർ ഉടൻ തന്നെ സൈബർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബാങ്കിലെത്തിയ സൈബർ പോലീസ് സംഘം കൗൺസലിങ് നൽകിയപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്ര പോലീസ് എന്ന വ്യാജേന വീഡിയോ കോൾ വഴിയാണ് തട്ടിപ്പുസംഘം ഇവരെ ബന്ധപ്പെട്ടത്. പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ അക്കൗണ്ട് തുറന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും കേസ് ഒത്തുതീർപ്പാക്കാൻ 25 ലക്ഷം രൂപ വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. കൊളാബ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് പണം നൽകാമെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. യുവതി ബാങ്കിൽ എത്തിയ സമയം വരെ തട്ടിപ്പുസംഘം വീഡിയോ കോളിൽ ഇവരുമായി ബന്ധം തുടർന്നിരുന്നു. പോലീസ് ഇടപെടലോടെ തട്ടിപ്പുസംഘം കോൾ കട്ട് ചെയ്ത് മുങ്ങി. ദിവസങ്ങൾക്കുമുമ്പ് ചങ്ങനാശ്ശേരി സ്വദേശികളായ വയോധിക ദമ്പതികളെയും സമാനമായ രീതിയിൽ ‘ഡിജിറ്റൽ അറസ്റ്റിലാണെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കം ബാങ്ക് അധികൃതരും സൈബർ പോലീസും ചേർന്ന് തടഞ്ഞിരുന്നു. ഫിക്സഡ് ഡിപ്പോസിറ്റായി ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് മാനേജരെ സമീപിച്ചതിനെ തുടർന്നാണ് ആ തട്ടിപ്പും തടയാൻ സാധിച്ചത്.
















