കാട്ടാന കബാലി അതിരപ്പള്ളി–മലക്കപ്പാറ റൂട്ടിൽ മണിക്കൂറുകളോളം നിലയുറച്ചതിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങി. ഇന്നലെ വൈകിട്ട് മുതൽ ആന റോഡിലിറങ്ങി നിന്നതിനാൽ ഇരുഭാഗത്തേക്കുമുള്ള വിനോദ സഞ്ചാരികൾക്ക് കടന്നുപോകാനായില്ല. വനപാലകർ സ്ഥലത്തെത്തിയെങ്കിലും മദപ്പാടുള്ള ആനയായതിനാൽ വനത്തിലേക്കു തുരത്താൻ സാധിച്ചില്ല.
ഞായറാഴ്ച ആയതിനാൽ കൂടുതൽ സഞ്ചാരികൾ മേഖലയിലെത്തിയിരുന്നു. റോഡിലേക്ക് പന മറിച്ചിട്ട ആന അത് തിന്നു തീരുന്നതുവരെ വാഹനങ്ങളിൽ വന്നിരുന്നവർ അവിടെ തന്നെ നിലയുറച്ചു. ഇതിനിടെ കനത്ത മഴ ഉണ്ടായതും അവിടെ നിന്നവരെ ആകെ കുഴപ്പത്തിലാക്കി.
ആനയുടെ അടുത്തേക്കു പോകരുതെന്നു വനംവകുപ്പ് കർശന നിർദേശം നല്കിയിരുന്നതിനാൽ ആരും തന്നെ അടുത്തേക്ക് ചെന്നില്ല. രാത്രി ആന തിരികെ വനത്തിലേക്കു പോയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.
















