സംവിധയകാൻ അറ്റ്‌ലി ഒരുക്കിയ ബ്രഹ്മാണ്ഡ പരസ്യചിത്രത്തിന്റെ മുഴുവൻ വീഡിയോ പുറത്തുവന്നു. രൺവീർ സിംഗ്, ശ്രീലീല, ബോബി ഡിയോൾ എന്നിവർ അഭിനയിക്കുന്ന പുതിയ പരസ്യത്തിന്റെ ബജറ്റ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘ചിങ്സ് സീക്രട്ട്’ എന്ന ബ്രാൻഡിന്റെ ഷെസ്വാൻ ചട്ണിയുടെ പരസ്യചിത്രമാണ് വമ്പൻ ബജറ്റിൽ ഒരുക്കിയത്.
150 കോടി മുതൽമുടക്കിലാണ് പരസ്യം ഒരുക്കിയതെന്നാണ് പുറത്തു വരുന്ന വിവരം. സ്പൈ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന മേക്കിങ്ങാണ് പരസ്യചിത്രത്തിന് സംവിധായകൻ അറ്റ്‍ലി നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും വിഡിയോയിലുണ്ട്. തെന്നിന്ത്യൻ താരം ശ്രീലീലയും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽമുടക്കുള്ള പരസ്യചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഒരു ബോളിവുഡ് ചിത്രത്തിന്റെ നിർമാണത്തുകയേക്കാൾ ഉയർന്നതാണ് ഈ പരസ്യചിത്രത്തിന്റെ ബജറ്റ്. വിക്കി കൗശലിന്റെ ബ്രഹ്മാണ്ഡചിത്രം ‘ഛാവ’യുടെ ബജറ്റ് പോലും 130 കോടി ആയിരുന്നു.
മാസ് ആക്ഷൻ ഹീറോ ലുക്കിലാണ് പരസ്യത്തിൽ രൺവീർ സിങ് പ്രത്യക്ഷപ്പെടുന്നത്. രൺവീറിന്റെ സൂപ്പർ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. മഞ്ഞുമൂടിയ ഒരു ഭൂപ്രദേശത്തുള്ള ഒരു രഹസ്യസങ്കേതത്തിലാണ് കഥ നടക്കുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബോളിവുഡിലെ പ്രശസ്തരായ സാങ്കേതികപ്രവർത്തകരാണ് പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജി.കെ വിഷ്ണുവാണ് ക്യാമറ. റൂബൻ ആണ് എഡിറ്റർ. സംഗീതം നിർവഹിച്ചിരിക്കുന്നത് ശങ്കർ ഇഷാൻ ലോയ് ആണ്. ഗുൽസാറിന്റേതാണ് വരികൾ. അർജിത് സിങ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റാപ്പ് ആലപിച്ചിരിക്കുന്നത് രൺവീർ സിങ് ആണ്.
















