71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിലെ വിധി നിർണയത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. ബ്ലെസി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആടുജീവിത’ത്തെ മറികടന്ന് മികച്ച ചിത്രത്തിനുള്ള അവാർഡ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ് കേരള സ്റ്റോറി’ നേടിയതിനെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നിരുന്നു. ഇപ്പോഴിതാ, ആടുജീവിതത്തിന് അവാർഡ് ലഭിക്കാത്തതിന് കാരണമായി സുദീപ്തോ സെൻ ചൂണ്ടിക്കാട്ടിയ ഒരു ന്യായവാദത്തിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാൾ ലാഫ്രെനെയ്‌സ് നൽകിയ മറുപടിയാണ് പുതിയ ചർച്ചാവിഷയം.
മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ‘ദ് കേരള സ്റ്റോറി’ക്ക് നൽകിയതിനെ ചോദ്യം ചെയ്ത ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുൻസറിനോട് സംവിധായകൻ സുദീപ്തോ സെൻ പ്രതികരണം അറിയിച്ചത്. “ആടുജീവിതം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. പക്ഷേ, അതിന്റെ ദൃശ്യങ്ങൾ വിഎഫ്എക്സ് (VFX – Visual Effects) ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. ഛായാഗ്രഹണത്തിന് അവാർഡ് നൽകുന്നത് എന്ത് മാനദണ്ഡത്തിലാണ് എന്ന് നിങ്ങൾക്കറിയാമോ? ഓൺലൈനിൽ വാദിക്കുന്നതിനുപകരം ജൂറികൾ പറയുന്നത് കേൾക്കൂ,” സുദീപ്തോ സെൻ കമന്റ് ചെയ്തു.
കൂടാതെ, കമന്റ് ചെയ്ത വ്യക്തിയെ വ്യക്തിപരമായി വിമർശിച്ചുകൊണ്ട്, “ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് എന്തും എഴുതാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, അത് നിങ്ങൾക്ക് എന്തും എഴുതാനുള്ള അവകാശം നൽകുന്നില്ല. അൽപം മാത്രമുള്ള അറിവ് അപകടമാണെന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നിങ്ങൾ കേരളത്തിൽ നിന്നുള്ളയാളാണ്. കേരളക്കാരിൽ നിന്ന് കൂടുതൽ വിവേകപൂർണ്ണമായ സമീപനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകന്റെ ഈ വാദത്തിന് ശക്തമായ മറുപടിയുമായി രംഗത്തെത്തിയത് വിദേശത്തുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ചലച്ചിത്ര നിരൂപകനുമായ കാൾ ലാഫ്രെനെയ്‌സ് ആണ്. വിഎഫ്എക്സ് ഉപയോഗിച്ചത് അവാർഡിന് അയോഗ്യതയാകില്ലെന്ന് അദ്ദേഹം അന്താരാഷ്ട്ര സിനിമകളിലെ ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി.
“അതുകൊണ്ടാണ് ‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടിയത്. അതുകൊണ്ടാണ് ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ എന്നീ സിനിമകൾ ഇതേ അവാർഡ് നേടിയത്. വിഎഫ്‌എക്‌സ് ഒരു അയോഗ്യതാ ഘടകമാണെങ്കിൽ ലോക സിനിമയിലെ ഏറ്റവും വലിയ ദൃശ്യ നേട്ടങ്ങളിൽ പകുതിയും നമ്മുടെ സംഭാഷണത്തിൽ പോലും ഉണ്ടാകില്ലായിരുന്നു,” കാൾ ലാഫ്രെനെയ്‌സ് മറുപടി നൽകി.
സുദീപ്തോ സെന്നിന്റെ ‘ഇൻസ്റ്റഗ്രാം സൗകര്യം’ സംബന്ധിച്ച പരാമർശത്തെയും കാൾ ലാഫ്രെനെയ്‌സ് ചോദ്യം ചെയ്തു. “ഇൻസ്റ്റഗ്രാമിൽ എന്തും എഴുതുന്നവർക്ക് താങ്കൾ ക്ലാസ് എടുക്കുന്നതു കണ്ടു. അത് ശരിയാണ്, ഇൻസ്റ്റഗ്രാം അങ്ങനൊരു സൗകര്യം നൽകുന്നുണ്ട്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്നാണ് വിളിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയോടുള്ള സ്നേഹംകൊണ്ടാണ് പറയുന്നതെന്നും, ‘ദ് കേരള സ്റ്റോറിയുമായി ആടുജീവിതത്തെ താരതമ്യം ചെയ്യരുത്’ എന്നും കാൾ ലാഫ്രെനെയ്‌സ് ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസറുടെ ഈ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
















