തിയറ്ററുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് പ്രദീപ് രംഗനാഥൻ – മമിത ബൈജു ചിത്രം ‘ഡ്യൂഡ്’. ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷൻ 66 കോടി കടന്നു. എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കണ്ടവർ വീണ്ടും വീണ്ടും കാണുന്നു. യുവാക്കൾ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം 3 ദിവസം കൊണ്ട് 66 കോടി വേൾഡ് വൈഡ് കലക്ഷൻ നേടി.
ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായിരിക്കുകയാണ് ‘ഡ്യൂഡ്’.ആദ്യ ദിനം ചിത്രത്തിന്റെ വേൾഡ് വൈഡ് കലക്ഷൻ 22 കോടിയായിരുന്നു. തിയറ്ററുകൾതോറും പ്രായഭേദമന്യേ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആണ് ‘ഡ്യൂഡ്’ എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിട്ടുണ്ട്.
മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. മമിതയുടെ പ്രകടനവും മികവുറ്റതാണെന്ന് ഏവരും ഒരേസ്വരത്തിൽ പറയുന്നു. പ്രദീപിന്‍റെ ഹാട്രിക് ഹിറ്റാണ് ‘ഡ്യൂഡ്’.
സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഭരത് വിക്രമൻ.
















