ബംഗളൂരുവിൽ ഓല ഇലക്ട്രിക്കിൽ ജോലി ചെയ്തിരുന്ന 38-കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കമ്പനി സി.ഇ.ഒ. ഭവിഷ് അഗർവാൾ, സീനിയർ എഞ്ചിനീയർ സുബ്രത് കുമാർ ദാസ് എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോലിസ്ഥലത്തെ പീഡനവും മാനസിക സമ്മർദ്ദവുമാണ് ജീവനക്കാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോറമംഗലയിലെ ഓല ഇലക്ട്രിക് കമ്പനിയിൽ 2022 മുതൽ ജോലി ചെയ്തുവരികയായിരുന്ന കെ. അരവിന്ദ് എന്നയാളാണ് സെപ്റ്റംബർ 28-ന് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ ചിക്കലസന്ദ്രയിലെ വസതിയിൽ വെച്ച് വിഷം കഴിച്ചാണ് അരവിന്ദ് ജീവനൊടുക്കിയത്. ഉടൻതന്നെ സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. മരണത്തെത്തുടർന്ന് പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
അരവിന്ദിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടത്തുകയായിരുന്നു. സി.ഇ.ഒ. ഭവിഷ് അഗർവാൾ, സുബ്രത് കുമാർ ദാസ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തനിക്കെതിരെ നടത്തിയ മാനസിക പീഡനം, ശമ്പളം നൽകാതിരിക്കൽ, മറ്റ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കൽ തുടങ്ങിയവയാണ് കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ അരവിന്ദ് ആരോപിച്ചിരുന്നു.
മരണശേഷം, സെപ്റ്റംബർ 30-ന്, അതായത് അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം, 17.46 ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് കുടുംബത്തിൽ സംശയമുണ്ടാക്കി. ഈ തുകയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തത വരുത്താൻ അരവിന്ദിന്റെ സഹോദരൻ അശ്വിൻ കണ്ണൻ കമ്പനിയുടെ എച്ച്.ആർ. വിഭാഗത്തെ സമീപിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനും ബാങ്ക് ട്രാൻസ്ഫറിൽ സംശയം തോന്നിയതിനും പിന്നാലെ അശ്വിൻ കണ്ണൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 108 അഥവാ പഴയ ഐപിസി 306 പ്രകാരം ആത്മഹത്യാപ്രേരണക്ക് ഭവിഷ് അഗർവാൾ, സുബ്രത് കുമാർ ദാസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് പേര് പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോലീസ് നോട്ടീസ് നൽകുകയും അവർ രേഖാമൂലം വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ ഡിജിറ്റൽ തെളിവുകൾ, ആഭ്യന്തര ആശയവിനിമയങ്ങൾ, എച്ച്.ആർ. നയങ്ങൾ എന്നിവ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
















