‘സൂര്യ ഫെസ്റ്റിവൽ’ സംഘടിപ്പിച്ച പരിപാടിയിൽ പ്രായത്തെക്കുറിച്ച് ദിവ്യ എസ്. അയ്യർ ഐഎഎസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘പ്രായം മറയ്ക്കുന്നതുകൊണ്ട് പ്രായം നമ്മൾ മറക്കുന്നില്ല. പലപ്പോഴും പ്രായത്തെ വരദാനമായി കാണാതെ ഒരു അനുഗ്രഹമായി കാണാതെ ഒരു ദുർഗ്രഹമായി കാണുന്ന വളരെ വികലമായി കാണുന്ന ചിന്ത കൂടി ഇന്നത്തെ കാലഘട്ടത്തിൽ എവിടെയോ കടന്നു കൂടിയിട്ടുണ്ട്’ എന്നും അവർ പറഞ്ഞു. ബിജുമോഹൻ എന്ന ചാനൽ പങ്കുവെച്ച വീഡിയോ കാണാം.
ദിവ്യ എസ്. അയ്യറിന്റെ വാക്കുകൾ…
‘എന്നെ കാണുന്ന എല്ലാവരും ആദ്യം ചോദ്യം ചോദിക്കുന്ന ചോദ്യമാണ് വെളുത്ത ഡൈ ആണോ എന്നത് മുതൽ ഭസ്മം പൂശിയാണോ വരുന്നത് എന്നുള്ളത് വരെയുള്ള പല വ്യാഖ്യാനങ്ങൾ അതിന് ലഭിക്കാറുണ്ട്. പിറന്നാളിന്റെ അന്ന് പ്രായം പായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറയാറുണ്ട്. നാളെയാണ് പിറന്നാൾ (16 ഒക്ടോബർ ). നാളെ എനിക്ക് 41 വയസാകും. പ്രായം മറയ്ക്കുന്നതുകൊണ്ട് പ്രായം നമ്മൾ മറക്കുന്നില്ല. എന്നുള്ളത് നാം ശ്രദ്ധിക്കണം. എന്നുള്ളതാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്.
പലപ്പോഴും പ്രായത്തെ വരദാനമായി കാണാതെ ഒരു അനുഗ്രഹമായി കാണാതെ ഒരു ദുർഗ്രഹമായി കാണുന്ന വളരെ വികലമായി കാണുന്ന ചിന്ത കൂടി ഇന്നത്തെ കാലഘട്ടത്തിൽ എവിടെയോ കടന്നു കൂടിയിട്ടുണ്ട്. ഈ നര കാണുമ്പോൾ പലപ്പോഴും പലരും ചോദിക്കുക, അത് പ്രായമായതിന്റെ അല്ലല്ലോന്നാണ്. ചെറുപ്പത്തിൽ നരച്ചതാണ് എന്നുള്ളത് വിശ്വസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ഞാൻ ഇത് നര അല്ല ഡൈ എന്ന് പറയുമ്പോൾ. പ്രായമാകുന്നത് ഒരു പ്രശ്‌നമല്ല എന്ന് അങ്ങോട്ട് പറഞ്ഞ്കൊടുക്കുന്ന ഒരു കാലഘട്ടം നമ്മുടെ ഇടയിൽ സംജാതമായിരിക്കുന്നു, എന്നറിഞ്ഞതിൽ ഒരല്പം ദുഖമില്ലാതില്ല.
പ്രായമാകുക, ഒരു പൂർണ്ണ ജീവിതം നയിക്കുക ഒരു സൗഭാഗ്യമാണ് അനുഗ്രഹമാണ്. ജീവിതത്തിന്റെ പല ഋതുക്കളിൽ ആയി ഓരോ പ്രായത്തിന്റെയും ഓരോ കാലഘട്ടത്തിന്റെയും അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അതിന്റെ പൂർണ്ണനിറവിൽ അത് ജീവിക്കാൻ സാധിക്കുക എന്നു പറയുന്നത് ഒരു കഴിവും കൂടിയാണ്. യൗവനം പ്രകൃതിയുടെ ഒരു സമ്മാനമാണ് പക്ഷേ വാർദ്ധക്യം എന്നു പറയുന്നത് ഒരു കലയാണ്. അതിൽ പൂർണ്ണനിറവോടുകൂടി ആ കലയിലൂടെ ജീവിക്കുവാൻ സാധിക്കുക എന്നു പറയുന്നത് നമ്മൾ എവിടേക്കോ മറന്നു പോയിട്ടുണ്ട്’.
















