അയർക്കുന്നം ഇളപ്പാനിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ പിന്നിൽ ഭാര്യയെ കൊലപ്പെടുത്തി മറവുചെയ്ത കേസിൽ അതിഥിത്തൊഴിലാളിയായ സോനിയെ പോലീസ് റിമാൻഡ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ അൽപന (27) ആണ് കൊല്ലപ്പെട്ടത്. മലപ്പുറത്ത് ജോലി ചെയ്യുന്ന മറ്റൊരു അതിഥിത്തൊഴിലാളിയുമായി അൽപനയ്ക്കുണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. കാമുകനൊപ്പം കുട്ടികളുമായി ഭാര്യ നാടുവിടുമോയെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഒക്ടോബർ 14-നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഇളപ്പാനിയിലെ നിർമാണത്തിലിരുന്ന വീട്ടിലേക്ക് അൽപനയെ എത്തിച്ച സോനി ആദ്യം മർദിക്കുകയും, തുടർന്ന് സമീപത്തെ കരിങ്കൽക്കെട്ടിൽ തലയിടിപ്പിക്കുകയും ചെയ്തു. ശേഷം കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി പൊട്ടി രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന്റെ പുറകുവശത്ത്, അടുക്കളക്കൃഷിക്കായി ഒഴിച്ചിട്ടിരുന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.
സോനി ജോലികൾ എല്ലാ നല്ല വൃത്തിയായി ആയിരുന്നു ചെയ്തതെന്ന് ജോലിചെയ്തിരുന്ന വീടിന്റെ ഉടമ ഡിന്നി സെബാസ്റ്റ്യൻ മണ്ണനാൽ പറഞ്ഞു. മുറ്റം മണ്ണിട്ട് നിരപ്പാക്കുന്നതിനാണ് ഒക്ടോബർ ആറിന് സോനി ആദ്യമായി ഇവിടെയെത്തിയത്. ഒക്ടോബർ 10-ന് ഭാര്യ അൽപനയും ഒപ്പം എത്തി ജോലികളിൽ സഹായിച്ചു. കൃത്യം ചെയ്ത ഒക്ടോബർ 14-ന് രാവിലെ പണിക്കാർ നിർമാണത്തിനെത്തുന്നതിന് മുൻപ് തന്നെ സോനി കൊലപാതകം നടത്തി മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കൊലപാതകത്തിനു ശേഷം, അൽപനയെ മറവുചെയ്ത ഭാഗത്ത് ഉൾപ്പെടെ സോനി കൂസലില്ലാതെ ജോലി തുടർന്നു. കൃത്യം നടത്തി മടങ്ങിയിട്ടും യാതൊരു ആശങ്കയും ഇയാളിൽ പ്രകടിപ്പിച്ചില്ലെന്ന് വീട്ടുടമ മൊഴി നൽകി. തൊട്ടടുത്ത ദിവസവും സോനി ജോലിക്ക് എത്തിയിരുന്നു. ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം പോലീസിൽ പരാതി നൽകിയതിനുശേഷം, പോലീസിനൊപ്പം സ്ഥലത്തെത്തി ജോലിക്കാരോട് വിവരങ്ങൾ തിരക്കിയതും സോനിയാണ്.
അൽപനയുടെ ബന്ധു എത്തിയതോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. നഗരസഭയുടെ മുട്ടമ്പലം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ കുട്ടികളെ പാലാ ബാലഭവനിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു പോലീസ് കോടതിയെ സമീപിക്കുമെന്ന് അയർക്കുന്നം സിഐ അനൂപ് ജോസ് അറിയിച്ചു.
















