കൊച്ചി: നടൻ ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമ ഹൈക്കോടതി ശനിയാഴ്ച കാണും. ശനിയാഴ്ച രാത്രി 7മണിക്ക് ജസ്റ്റിസ് വി.ജി. അരുണ്‍ ചിത്രം കാണും. കോടതിക്ക് പുറമേ, ഹര്‍ജിക്കാരും എതിര്‍ഭാഗവും അവരുടെ അഭിഭാഷകരും സിനിമ കാണും. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
നിര്‍മാതാവിന്റെ ആവശ്യം കണക്കിലെടുത്ത് സിനിമ കാണാമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും ചൊവ്വാഴ്ച അറിയിക്കുമെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപ പ്രസിഡന്റ് കെ.വി. ചാക്കോ നല്‍കിയ അപേക്ഷ കോടതി അനുവദിച്ചിരുന്നു. ഇദ്ദേഹവും ചിത്രം കാണും. കേസ് വീണ്ടും 30-ന് പരിഗണിക്കും.
ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖി ധരിച്ചുവരുന്ന ഭാഗം അവ്യക്തമാക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മാറ്റംവരുത്തണം തുട ങ്ങിയ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ ചോദ്യംചെയ്താണ് ‘ഹാല്‍’ സിനിമയുടെ നിര്‍മാതാവും സംവിധായകനും ഹൈക്കോടതിയെ സമീപിച്ചത്. കോടതി സെന്‍സര്‍ബോര്‍ഡിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും വിശദീകരണം തേടിയിരുന്നു. നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന്‍ മുഹമ്മദ് റഫീഖ് (വീര) ഹര്‍ജിക്കാര്‍.
ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണങ്ങളും നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയിലുണ്ടായിരുന്നു. ചിത്രത്തിന് മാറ്റങ്ങള്‍ നിര്‍ദേശിച്ച് എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതോടെയാണ് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.
















