ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയും തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയും ഒരുമിച്ചഭിനയിച്ച ചിത്രം ‘താമ’യുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്. മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൊറർ-കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം പ്രേക്ഷകരെ തൃപ്‍തിപ്പെടുത്തിയിട്ടില്ല.
മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ അഞ്ചാമത് ചിത്രമാണ് താമ. ഇതുവരെ ഇറങ്ങിയതിൽ മാഡോക്ക് യൂണിവേഴ്സിന്റെ വളരെ മോശം ചിത്രമെന്നാണ് ആദ്യ ദിന പ്രതികരണങ്ങൾ പറയുന്നത്. വരുൺ ധവാൻ ചിത്രം ഭേടിയായ്ക്ക് ശേഷം വളരെ നിരാശ നൽകിയ സിനിമയെന്നാണ് പ്രേക്ഷക വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്.
ടെക്നിക്കലി സിനിമ വളരെയധികം മികച്ചത് ആണെങ്കിലും സ്ക്രിപ്റ്റിലേക്ക് എത്തുമ്പോൾ ഒട്ടും തൃപ്തിയില്ലെന്നാണ് അഭിപ്രായം. കൂടാതെ നവസുദീൻ സിദിഖിനെ കുറച്ചുകൂടി ഉപയോഗികമായിരുന്നുവെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിൽ ആകെ ലഭിച്ച സന്തോഷം ഒരു കാമിയോ റോൾ ആണെന്നും അത് വളരെ മികച്ചത് ആക്കിയിട്ടുണ്ടെന്നും ചിലർ പറയുന്നു. അടുത്ത സിനിമയിലേക്ക് ഉള്ള ഒരു പോസ്റ്റ് ക്രെഡിറ്റ് സീനും താമയിൽ ഉണ്ടെന്നും അതാരും വിട്ട് പോകരുതെന്നും കുറിപ്പുകൾ ഉണ്ട്.
സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രശ്മികയും ആയുഷ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം കേരളത്തിൽ ഇറങ്ങുന്ന ഒരു സൂപ്പർഹീറോ വാംപയർ സിനിമയാണ് താമ. വരും ദിവസങ്ങളിൽ താമയുടെ ഈ പ്രതികരണങ്ങൾ മാറുമോ ഇല്ലയോ എന്ന് അറിയാം.
സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കുന്നത്. ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.
















