ബയോഫിക്ഷന്‍ ശൈലിയിലുള്ള വയലാര്‍ രാമവര്‍മ്മയുടെ ആദ്യ സമഗ്രജീവചരിത്രമാണ് ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’.ഡോ. രാജീവ് പുലിയൂരാണ് എഴുത്തുകാരന്‍. ചങ്ങനാശേരി പായിപ്പാട് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണ് ഡോ. രാജീവ് പുലിയൂര്‍. ഇതിനുമുമ്പ് കെ.പി എ സി സുലോചനയുടെയും ജീവചരിത്രമെഴുതി ശ്രദ്ധനേടിയിരുന്നു. ജീവിച്ചു കൊതിതീരാതെ മടങ്ങിപ്പോയ ഗന്ധര്‍വ്വ കവിയുടെ ജീവിതത്തിന്റെ ഓരോ ഏടുകളും സൂക്ഷ്മമായി ജീവചചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആയിരം ആയിരം മുഖങ്ങള്‍, ജീവിതത്തിലും കവിതയിലും സമാന്തരമായ പരിധിയില്ലാത്ത അതിന്റെ സഞ്ചാരങ്ങള്‍, നാസ്തികനും ആസ്തികനും കൈകോര്‍ത്തതും രതിയും വിരതിയും സംഗമിച്ചതും പ്രകൃതിബോധങ്ങളും ദാര്‍ശനിക ലാവണ്യങ്ങളും മിഴിതുറക്കുന്ന ശാസ്ത്രാവബോധങ്ങളും ഉള്‍ച്ചേര്‍ന്നതും ഈ പുസ്തകത്തിലുണ്ട്.
ബലികുടീരങ്ങള്‍ക്കും മണല്‍ത്തടങ്ങള്‍ക്കും മുകളിലൂടെ സഞ്ചരിച്ച അനുരാഗത്തിന്റെ തോണിയെക്കുറിച്ചുള്ള മയ്‌ക്കോവിസ്‌കിയുടെ കവിതകളില്‍ ആവര്‍ത്തിക്കുന്ന വിപ്ലവവവും പ്രണയവും പോലെ, മലയാറ്റൂര്‍ പറഞ്ഞ ‘നീ ഈ നാടിന്റെ ഉന്മാദമായി ‘ എന്നതുപോലെ, ചില കല്പനകള്‍ ഈ എഴുത്തില്‍ നിര്‍ണ്ണായകമായി. നാല്‍പത്തിയേഴ് വര്‍ഷം മാത്രം ജീവിച്ച് 1975 ല്‍ വിടപറഞ്ഞ മൂവായിരത്തിലധികം പാട്ടുകളും കവിതകളും രചിച്ച കവിയുടെ ജീവിതം സംഭ്രമജനകമാണ്.
മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയില്‍ സമത്വസുന്ദരമായ ഒരു ലോകത്തെ കവിതയിലൂടെയും ഗാനങ്ങളിലൂടെയും വയലാര്‍ സൃഷ്ടിച്ചു. സാധാരണക്കാരുടെ ഇടയിലേക്ക് വരേണ്യകവിതയുടെ സങ്കല്‍പങ്ങളെ ഇളക്കി പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ഗാനങ്ങള്‍ കവിതകള്‍പോലെ ജനഹൃദയങ്ങളില്‍ ജീവിച്ചു. ഉള്ളവന്റെയും ഇല്ലാത്തവന്റെയും അകലം ഇല്ലാതാക്കി. വിശാലമായ സാമൂഹ്യബോധത്തെ അതിരുകളിലാതെ വരച്ചു ചേര്‍ത്തു. പ്രണയത്തിന്റെ പുതിയ വ്യാകരണം മലയാളിയുടെ ജനകീയബോധതലത്തില്‍ കുടിയിരുത്തി. മണ്‍മറഞ്ഞ് 50 വര്‍ഷം കഴിഞ്ഞിട്ടും വയലാറിന്റെ കാവ്യഭാവനകള്‍ പുതുമയോടെ ഇന്നും നിലനില്‍ക്കുകയാണ്.
മനോഹരവും അസാധാരണ മികവും ഉള്ള വയലാറിന്റെ ജീവിത കഥയാണ് രാജീവ് പുലിയൂര്‍ പറയുന്നത്. കവിയുടെ ജീവിതത്തിലെ നിരവധി കഥാസന്ദര്‍ഭങ്ങള്‍ കഥകളായി കേരളം മുഴുക്കെ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നുമല്ലാതെ കൃത്യമായ പഠനത്തിലൂടെയും വിവരശേഖരണത്തിലൂടെയും വര്‍ഷങ്ങള്‍ എടുത്ത ശ്രമമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചത് എന്ന് രാജീവ് പുലിയൂര്‍ പറയുന്നു. വയലാറിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കു പുറമെ നിരവധി നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27 ന് വയലാര്‍ സ്മൃതിമണ്ഡപത്തില്‍ വെച്ച് പുസ്തക പ്രകാശനം നടക്കും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ആര്‍ സുധീഷ് എന്നിവര്‍ പങ്കെടുക്കും.
CONTENT HIGH LIGHTS;The first comprehensive biography of Vayalar Ramavarma is coming: ‘Vayalar Ramavarma, a poetic life’
















