ഹാസ്യ കലാകാരനായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണുവിന്, സുധിയുടെ മരണശേഷം ആദ്യമായി അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശനം ലഭിച്ചത് ഒരു ‘സെലിബ്രിറ്റി’ പരിവേഷത്തോടെ. ബിഗ് ബോസ് താരമായി തിരിച്ചെത്തിയ രേണുവിനോടുള്ള സുധിയുടെ കുടുംബാംഗങ്ങളുടെ സ്നേഹപ്രകടനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
ഭർത്താവിന്റെ ആകസ്മിക വിയോഗത്തിന് ശേഷം ദുരിതക്കയത്തിൽ ഒറ്റപ്പെട്ടുപോയ രേണുവിന്, വീട്ടുകാരിൽ നിന്നും പിന്തുണയേക്കാൾ കൂടുതൽ നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ചേർത്ത് നിർത്തേണ്ട സമയത്ത് അവർ രേണുവിനെ അകറ്റി നിർത്തിയെന്നും, സുധിയുടെ വീട്ടിലേക്ക് അവൾക്ക് പ്രവേശനം നിഷേധിച്ചുവെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയയായ രേണു ഒരു സെലിബ്രിറ്റിയായി മാറിയതോടെ കഥ മാറി. അടുത്തിടെ ഒരു പരിപാടിയുടെ ഭാഗമായി കൊല്ലം സുധിയുടെ വീട്ടിലെത്തിയ രേണുവിനെ, വീട്ടുകാർ വാത്സല്യത്തോടെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
“മരുമകളോട് അളവറ്റ സ്നേഹം,” എന്നാണ് പലരും ഈ വീഡിയോയെക്കുറിച്ച് പ്രതികരിച്ചത്. കെട്ടിപ്പിടിച്ചും ഉമ്മ നൽകിയും, പൊട്ടിക്കരഞ്ഞുമൊക്കെയുള്ള അമ്മയുടെ സ്നേഹപ്രകടനങ്ങൾ കാഴ്ചക്കാർക്ക് കൗതുകമുണ്ടാക്കി. ‘ചേർത്തുനിർത്തേണ്ട സമയത്ത് കടിച്ചു കീറാൻ നടന്നവർക്കൊപ്പം നിന്നവർക്ക്, ഇന്നവൾ സെലിബ്രിറ്റിയായപ്പോൾ എന്തൊരു വാത്സല്യം,’ എന്നും, ‘അവൾക്ക് കൂടി സ്വാതന്ത്ര്യമുള്ള വീട്ടിലേക്ക് കേറാൻ അവൾ ബിഗ് ബോസ് താരമാകേണ്ടി വന്നു’ എന്നും ചിലർ കമന്റുകൾ പങ്കുവെച്ചു.
‘സമൂഹത്തിൽ അംഗീകാരവും സാമ്പത്തിക ഭദ്രതയുമുണ്ടാകുമ്പോൾ മനുഷ്യബന്ധങ്ങൾ പെട്ടെന്ന് ഊഷ്മളമാകും’ എന്ന പൊതുബോധത്തെ ഈ സംഭവം ഒരിക്കൽ കൂടി അടിവരയിടുന്നതായി നിരീക്ഷകർ പറയുന്നു.
















