ഏറെ ഹിറ്റായ ചിത്രമാണ് തുടരും. മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ ശോഭനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ ശോഭനയ്ക്ക് വേണ്ടി താൻ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നതെന്നും എന്നാൽ അത് പിന്നീട് തന്നെ അറിയിക്കുക പോലും ചെയ്യാതെ നീക്കിയെന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഭാഗ്യലക്ഷ്മി പറയുന്നു;
ചിത്രത്തിൽ ശോഭനയ്ക്ക് വേണ്ടി ഞാൻ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. എന്നാൽ അത് പിന്നീട് എന്നെ അറിയിക്കുക പോലും ചെയ്യാതെ നീക്കി. ശോഭനയ്ക്ക് വേണ്ടി മിക്ക സിനിമകളിലും താനാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. തന്റെ ശബ്ദമാണ് ഏറ്റവും ചേരുന്നതെന്നും ആളുകൾ പറയാറുണ്ട്. തുടരും എന്ന ചിത്രത്തിനും താനാണ് ഡബ്ബ് ചെയ്തത്. ഇത് ആദ്യമായാണ് താൻ പുറത്ത് പറയുന്നത്, പറയണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണിത്.
തന്നെ ഡബ്ബിങിന് വിളിച്ചപ്പോൾ തന്നെ ശോഭന നന്നായി തമിഴ് പറയുമല്ലോ, അവരെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടെയെന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ എല്ലാവരും അത് താൻ തന്നെ ചെയ്താൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ മുഴുവൻ സിനിമയും താൻ ഡബ്ബ് ചെയ്തു. ക്ലൈമാക്സ് സീനിൽ അലറി നിലവിളിച്ച് ഭയങ്കര എഫേർട്ട് ഇട്ടാണ് ചെയ്തത്. മുഴുവൻ പണവും തരികയും ചെയ്തു. പക്ഷേ ഒരിക്കൽ താൻ രഞ്ജിത്തിനെ വിളിച്ചപ്പോൾ തന്റെ ശബ്ദം മാറ്റി ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു.
ഇത് കേട്ട് തന്നെ ഇക്കാര്യം വിളിച്ച് പറയാനുള്ള മര്യാദയില്ലേ. ഡബ്ബ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്നും അതുകൊണ്ട് ശോഭനയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചുവെന്നും അവർ പറഞ്ഞു. അഭിനയിച്ച വ്യക്തിക്ക് വോയ്സ് കൊടുക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും താൻ അത് നിഷേധിക്കുന്നില്ല. പക്ഷെ തന്നെ വിളിച്ച് ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നുവെന്നും സംവിധായകനും നിർമാതാവും പറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രമോഷൻ ഇന്റർവ്യൂവിൽ തരുൺ പറഞ്ഞത് നുണയാണെന്നും അത് കൂടി കേട്ടപ്പോൾ ഇത് പറയണമെന്ന് തോന്നിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ക്ലൈമാക്സിൽ തന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം അലറി വിളിച്ച് ഡബ്ബ് ചെയ്യാൻ ശോഭനയ്ക്ക് പറ്റില്ലെന്ന് തനിക്ക് അറിയാം. കാരണം ആ എക്സ്പീരിയൻസ് ശോഭനയ്ക്കില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
content highlight: Bhagyalashmi
















