മമ്മൂട്ടിയ്ക്ക് ഒപ്പം വിനായകനും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കളങ്കാവൽ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്ത ഭാവങ്ങളിലുള്ള വിനായകനെയും മമ്മൂട്ടിയേയും പോസ്റ്ററിൽ കാണാം. കഴിഞ്ഞ ദിവസം ആയിരുന്നു കളങ്കാവലിന്റെ സെൻസറിംഗ്. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് “കളങ്കാവൽ”. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
















