ഒടിടി പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിൽ അവസാനം. കല്യാണി പ്രിയദർശൻ, നസ്ലിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 28ന് റിലീസിനെത്തിയ ചിത്രം രണ്ട് മാസങ്ങൾക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്. ഒക്ടോബർ 31 മുതൽ ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നു
ആഗോള തലത്തിൽ 300 കോടി കലക്‌ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ‘എമ്പുരാനെ’ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടുന്ന ചിത്രമായി ‘ലോക’ മാറിയിരുന്നു. ഇതോടെ മലയാളത്തിലെ സകല റെക്കോർഡുകളും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഈ ചിത്രം പിഴുതെറിഞ്ഞു കളഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോള തലത്തില്‍ കണ്ട മലയാള ചിത്രമായി മാറിയ ‘ലോക’, കേരളത്തിലെ തിയറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായും മാറിയിരുന്നു.
മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തില്‍ കണ്ടത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ലോക ചാപ്റ്റർ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ദുൽഖർ സൽമാനും നിർണായക വേഷത്തിൽ ഒപ്പമുണ്ടാകും.
















