നടൻ അജ്മല്‍ അമീറിനെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. “നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
അജ്മലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം. തിരുവനന്തപുരത്ത് പുതിയ ചിത്രത്തിന്റെ പൂജയ്ക്കായി എത്തിയപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍. ഒരാളെക്കുറിച്ച് അയാള്‍ അറിയാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എന്തുചെയ്യണം എന്നായിരുന്നു ധ്യാനിനെ വളഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം. ചെയ്യാത്ത കാര്യമാണെങ്കില്‍ എഐ ചെയ്തുവെന്ന് പറഞ്ഞാല്‍ മതി എന്നായിരുന്നു ധ്യാനിന്റെ മറുപടി. അജ്മല്‍ പറഞ്ഞതുപോലെയാണോ എന്ന് ചോദിച്ചപ്പോള്‍, ‘ചുമ്മാതിരി’ എന്നായിരുന്നു പ്രതികരണം. പിന്നീട്, തിരിച്ചുപോവുംവഴി അജ്മല്‍ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ധ്യാന്‍ ഒന്നും മിണ്ടാതെ കാറില്‍ കയറിപ്പോയി.
അജ്മലിന്റേതെന്ന പേരില്‍ അടുത്തിടെ ഏതാനും ശബ്ദസന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചുവെന്ന് ആരോപിച്ചായിരുന്നു ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഇവ എഐ നിര്‍മിതമാണെന്നായിരുന്നു അജ്മലിന്റെ പ്രതിരോധം. തങ്ങള്‍ക്കും നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന ആരോപണവുമായി കൂടുതല്‍ യുവതികള്‍ അജ്മലിന്റെ പ്രതികരണ വീഡിയോയ്ക്ക് താഴെയെത്തി. പിന്നാലെ, സമാന സന്ദേശം തനിക്കും ലഭിച്ചെന്ന ആരോപണവുമായി നടി രേഷ്മ ആന്‍ റോയിയും രംഗത്തെത്തി.
















