മലയാളത്തിന്റെ നിത്യഹരിത നായിക ആണ് ഷീല. കഠിനാധ്വാനവും കഴിവും കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഷീല. കുടുംബക്കാരുടെയും ബന്ധുക്കളുടെയും എതിർപ്പിനെ മറികടന്ന് പൊരുതിയാണ് സിനിമയിൽ ഏറ്റവും തിരക്കുള്ള നായിക നടിയായി ഷീല മാറിയത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് തുറന്നു സംസാരിക്കുകയാണ് താരം. അമൃത ടിവിയിൽ ഇതേക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ അച്ഛന്റെ ആൾക്കാർ മുഴുവനും ഞങ്ങളെ പിണ്ഡം വെച്ചത് പോലെ മാറ്റിക്കളഞ്ഞു. അച്ഛന്റെ കൂടെ ജനിച്ചത് പത്ത് പേരാണ്. ഇന്ന് വരെയും അവർ എന്നോട് സംസാരിച്ചിട്ടില്ല. അവർക്ക് എത്രയോ പിള്ളേരുണ്ടെന്ന് പറയുന്നു. ആരും ഞങ്ങളോട് സംസാരിച്ചിട്ടില്ല. അമ്മയുടെ ബന്ധുക്കൾക്ക് വലിയ വിരോധം ഇല്ലായിരുന്നു. അഭിനയിക്കാൻ വരുമ്പോൾ എനിക്ക് 13 വയസാണ്. അമ്മ എന്ത് പറയുന്നു അത് കേട്ടു. അതൊരു വലിയ കാര്യമല്ല. ചുമ്മാ പോയി നിൽക്കാൻ പറഞ്ഞു. അല്ലാതെ എനിക്ക് അഭിനയത്തോട് വലിയ താൽപര്യം ഇല്ലായിരുന്നു. പത്ത് പടങ്ങളായപ്പോഴാണ് കുറേപ്പേർ നോക്കുന്നുണ്ട്, അഭിനയിക്കണം, ക്യാമറയിൽ വരുമ്പോൾ കുറച്ച് സൗന്ദര്യം വേണമെന്നൊക്കെ മനസിലായതെന്ന് ഷീല പറയുന്നു.
സിനിമാ രംഗത്തേക്ക് വന്നതിനെക്കുറിച്ചും ഷീല സംസാരിച്ചു. എസ്എസ് രാജേന്ദ്രൻ എന്ന തമിഴ് നടനുണ്ടായിരുന്നു. അദ്ദേഹത്തിന് മൂന്ന് ഭാര്യമാരാണ്. അതിൽ ആദ്യത്തെ ഭാര്യ പങ്കജവല്ലി ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം മനസിലാക്കി. സിനിമയിൽ അഭിനയിപ്പിക്കെന്ന് അവരാണ് പറഞ്ഞത്. അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ് ഞാൻ. ഇതിനെ ഒന്ന് വണ്ണം വെപ്പിച്ചിട്ട് സിനിമയിൽ അഭിനയിപ്പിക്കാം എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ചെന്നെെയിലേക്ക് ഞങ്ങൾ വരുന്നത്.
എനിക്ക് കിട്ടിയ ഭാഗ്യം എന്താണെന്നറിയുമോ. ഇന്നത്തെ നടിമാരെല്ലാം മെലിയാൻ വേണ്ടി എന്ത് പാടാണ് പെടുന്നത്. അന്ന് എല്ലാവർക്കും നല്ല വണ്ണം വേണം. അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ അന്നത്തെ നായികമാർ നല്ല വണ്ണമുള്ളവരാണ്. അവർക്ക് 35 വയസോളമുണ്ടാകും. പക്ഷെ ബുക്കും പിടിച്ച് സ്കൂളിൽ പോകുന്ന സീനുണ്ടാകും.എനിക്ക് വണ്ണം വെപ്പിക്കണം. നെയ്യിട്ട് ഓംലറ്റ് ഉണ്ടാക്കിത്തരലും മറ്റുമായി. ഭയങ്കര തീറ്റയായി. ഡെക്കോഡോറിയബൻ എന്ന ഇഞ്ചക്ഷൻ ഉണ്ട്. വണ്ണം വെക്കാൻ വേണ്ടിയുള്ളത്. ആ ഇഞ്ചക്ഷൻ എടുത്തു. ഒന്നോ രണ്ടോ ഇഞ്ചക്ഷനോടെ നിർത്തിയത് നന്നായി. അല്ലെങ്കിൽ നല്ല വണ്ണം വെച്ചേനെ. അങ്ങനെയാണ് താൻ അഭിനയിക്കുന്നതെന്നും ഷീല വ്യക്തമാക്കി.
















