കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻഡ് ക്ലൈന്റ് അക്വസിഷൻ (സ്കെയിൽ 1) തസ്തികയിലേക്കുള്ള അപേക്ഷകൾ ഈ മാസം 31വരെ സ്വീകരിക്കുന്നതാണ്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
രാജ്യത്തെവിടെയുമുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ നിയമനം ലഭിക്കാം. നിയമനം ലഭിക്കുന്ന സ്ഥലവും മറ്റു ഘടകങ്ങളും പരിഗണിച്ച്, 12.84 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വാർഷിക ശമ്പളം. 27 വയസാണ് പ്രായപരിധി. എസ് സി/ എസ് ടി വിഭാഗക്കാർക്കും ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (ബി എഫ് എസ് ഐ) മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും പ്രായത്തിൽ ഇളവുണ്ട്.
ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക, www.federalbank.co.in/careers
















