ആചാരങ്ങളും അനുഷ്ഠാനങ്ങളും ലോകത്തെവിടെയും നടക്കുന്നുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ എവിടെയും ഒരു വിമാനത്താവളവും സര്‍വീസ് നിര്‍ത്തിവെക്കാറില്ല. എന്നാല്‍, ലോകത്തെവിടെയും നടക്കാത്ത ഒരു അപൂര്‍വ്വത കേരളത്തിലെ തലസ്ഥാനത്ത് നടക്കുന്നുണ്ട്. അതാണ് പദ്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട് ഘോഷയാത്ര. അത്യപൂര്‍വ്വമായ ഒരു ആചാരവും അതിനെ തുടര്‍ന്ന് അടച്ചിടുന്ന അന്താരാഷ്ട്രാ വിമാനത്താവളവുമാണ് ഇവിടുത്തെ പ്രത്യേകത. അത് നാളെയാണ് സംഭവിക്കാന്‍ പോകുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ (ഒക്ടോബര്‍ 30) അടച്ചിടും. വൈകുന്നേരം 4.45 മുതല്‍ രാത്രി 8.00 വരെയാണ് താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവയ്ക്കുക.
പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാന്‍ യാത്രക്കാര്‍ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിക്കും. ഒക്ടോബര്‍ 31ന് ആറാട്ട് കലശത്തോടെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് സമാപനം ആകും. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.
എന്തു കൊണ്ടാണ് വിമാനത്താവളം അടച്ചിടുന്നത് ?
അല്‍പ്പശി ആറാട്ട് നടക്കുന്നത്, ശംഖുമുഖം കടല്‍പ്പുറത്തെ ആറാട്ട് തീരത്താണ്. ഇവിടേക്ക് പൂജിച്ച വിഗ്രഹങ്ങള്‍ കടന്നു പോകുന്നത്, വിമാനത്താവളത്തിലെ റണ്‍വേ മുറിച്ചാണ്. കുതിര പോലീസിന്റെയും സുരക്ഷയിലും നിരവധി ഭക്തരുടെ സാന്നിധ്യത്തിലും ഘോഷയാത്രയായാണ് ആറാട്ടിന് എത്തുന്നത്. വിമാനത്താവളത്തിന്റെ ഒരു ഭാഗത്ത് ആറാട്ട് ഘോഷയാത്രയ്ക്ക് കടക്കാന്‍ ഗേറ്റുണ്ട്. അതിലൂടെ കടന്നാണ് റണ്‍ വേ മുറിച്ചു കടന്ന് ഘോഷയാത്ര ശംഖുമുഖത്ത് എത്തുന്നത്. ഈ സമയത്ത് വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ടച്. പറന്നിറങ്ങാനോ, പറന്നു പൊങ്ങാനോ സാധ്യമല്ല. ദൈവങ്ങളുടെ വലിയ കാവടി മുതല്‍, നിരവധി ആള്‍ക്കാരും വിമാനത്താവള റണ്‍വേ കൈയ്യടക്കിയാണ് ഘോഷയാത്രയുടെ പോക്ക്. ഇതുമൂലമാണ് മണിക്കൂറുകളോളം വിമാന സര്‍വ്വീ നിര്ത്തിവെച്ച് വിമാനത്താവളം അടച്ചിടുന്നത്.

വിമാനത്താവളം അടച്ചിടാന്‍ ഉത്തരവ് ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടാന്‍ ഉത്തരവിട്ടത് തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയാണ്. 1932-ല്‍ വിമാനത്താവളം നിര്‍മിച്ചപ്പോള്‍ത്തന്നെ രാജാവ് ഈ വ്യവസ്ഥ വെച്ചിരുന്നു. ഈ ആചാരം ഇന്നും നിലനില്‍ക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണ, പൈങ്കുനി, അല്‍പശി ഉത്സവങ്ങളോടനുബന്ധിച്ച് ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ വിമാനത്താവളം ഏതാനും മണിക്കൂറുകള്‍ അടച്ചിടാറുണ്ട്.
പദ്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പ്പശി ആറാട്ട്
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. പൈങ്കുനി ഉത്സവം, അല്‍പ്പശി ഉത്സവം എന്നിങ്ങനെ രണ്ട് ഉത്സവങ്ങള്‍ ക്ഷേത്രത്തിലുണ്ട്. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും. ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായിരിക്കും പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുക.
ഒപ്പം അലങ്കരിച്ച ആനകള്‍, കുതിരകള്‍, പോലീസ് വിഭാഗങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി, പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ അന്നേ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിക്കൂര്‍ നേരത്തേക്ക് അടച്ചിടും. 1932 -ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികള്‍ തിരുവിതാംകൂര്‍ രാജവംശക്കാരാണ്. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. ഇത് വര്‍ഷത്തില്‍ രണ്ട് തവണയാണ് നടക്കുന്നത്. പൈങ്കുനി ഉത്സവത്തിനും അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്.
രണ്ട് ഉത്സവങ്ങളിലും ഭഗവാന്‍ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്. പദ്മനാഭ സ്തുതികളുമായി ആയിരങ്ങളാണ് ഘോഷയാത്ര കാണാനെത്തുന്നത്. ദീപാരാധന കഴിഞ്ഞാണ് ആറാട്ട് എഴുന്നള്ളിപ്പ്. ക്ഷേത്രം വക ഗജവീരന്‍ മുമ്പിലും തൊട്ടു പിന്നില്‍ തിരുവിതാംകൂര്‍ സൈന്യം ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ തുരത്തിയോടിച്ചപ്പോള്‍ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കോടിയേന്തിയ ഗജവീരനും പിന്നാലെ അശ്വാരൂഢ സേന, വാളും പരിചയും ധരിച്ച നായര്‍ പടയാളികള്‍, ഗരുഡവാഹനത്തില്‍ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂര്‍ത്തിയേയും ശ്രീകൃഷ്ണസ്വാമിയേയും പുറത്തേയ്ക്കെഴുന്നെള്ളിക്കും.
ക്ഷേത്ര സ്ഥാനി മൂലം തിരുന്നാള്‍ രാമവര്‍മ ഉടവാളുമേന്തി വിഗ്രഹങ്ങള്‍ക്ക് അകമ്പടി സേവിക്കും. തിരുവല്ലം പരശുരാമ ക്ഷത്രം, നടുവത്ത് മഹാവിഷ്ണു ക്ഷത്രം, അരകത്ത് ദേവി ക്ഷേത്രം, ചെറിയ ഉദ്ദേശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളും ഒപ്പം ചേരും. വള്ളക്കടവില്‍ മുസ്ലിം സമുദായാംഗങ്ങളുടെ ഹാര്‍ദമായ വരവേല്‍പ്പുണ്ടാകും. വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്കാണ് ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നത്. മൂന്നു തവണ കടലില്‍ ആറാടിയ ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക് തിരിക്കും.
പൈങ്കുനി ഉത്സവം
മീനമാസത്തില്‍ രോഹിണി നക്ഷത്ര ദിവസം കൊടികയറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് പൈങ്കുനി ഉത്സവം. രോഹിണി നാളില്‍ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളില്‍ കൊടി കയറ്റുന്നു. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. താത്കാലികമായി നിര്‍മ്മിച്ച കിടങ്ങില്‍ ഒരു തേങ്ങ വച്ചിട്ടുണ്ടാവും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകര്‍ക്കും. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തില്‍ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങള്‍ പടിഞ്ഞാറേനടയിലൂടെ പുറത്തിറങ്ങുന്നു. വലിയ തമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചു കൊണ്ട് ഭഗവാന് അകമ്പടി സേവിക്കും. പടിഞ്ഞാറേനടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോള്‍ 1001 കതിനവെടി മുഴങ്ങും. കടപ്പുറത്തെത്തിച്ചു കഴിഞ്ഞാല്‍ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങള്‍ ഇറക്കിവച്ച് പൂജകള്‍ നടത്തുന്നു. പിന്നീട് തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നു പ്രാവശ്യം കടലില്‍ മുങ്ങുന്നു. പിന്നീട് കൊടിയിറക്കം.
അല്‍പ്പശി ഉത്സവം
തമിഴ് വര്‍ഷത്തിലെ അല്‍പ്പശി അഥവാ ഐപ്പശി എന്നാല്‍ മലയാള വര്‍ഷത്തിലെ തുലാമാസം. മീനമാസത്തിലെ ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവര്‍ത്തിക്കുന്നു. തുലാമാസത്തില്‍ അത്തം കൊടികയറി തിരുവോണം ആറാട്ടായാണ് ഉത്സവം.
CONTENT HIGH LIGHTS; Will the plane not fly before the ritual?: The only airport in the world that closes to protect the ritual?; Here is that history; Do you know what it’s like to walk on the runway for 5 hours?
















