നടി, നർത്തകി എന്നീ നിലകളില്‍ മലയാളം- തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജു അരവിന്ദ് (Anju Aravind). മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സിനിമ രംഗത്തും സീരിയൽ മേഖലയിലും സജീവമാണ് താരം.
അക്ഷരം എന്ന സിബി മലയിൽ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി മലയാളസിനിമയിൽ അരങ്ങേറ്റം. ‘പൂവൈ ഉനക്കാഗെ’ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി. തെലുങ്കിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴിതാ 2020 ൽ ഫുഡ്‌വ്ലോഗറുമായി. കരിയർ തുടങ്ങുന്ന സമയം മുതൽ ഈ നിമിഷം വരെ അഞ്ജു അരവിന്ദിനെ കാണുന്നവർക്ക് ഒന്നേ പറയാനുള്ളൂ. ‘ഒരു മാറ്റവും ഇല്ലല്ലോ’. ജീവിതത്തിലും മനസ്സിനും എന്നും ചെറുപ്പം സൂക്ഷിക്കുന്ന അഞ്ജു അൻപതാം പിറന്നാൾ നിറവിലാണ്. ഇതോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരത്തിന്റെ വാക്കുകളും ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
പിറന്നാൾ ദിവസം തന്റെ ഡാൻസ് സ്കൂളിലെ കുട്ടികൾ ഒരുക്കിയ സർപ്രൈസ് തന്നെ കരയിപ്പിച്ചു കളഞ്ഞു എന്നാണ് അഞ്ജു പറയുന്നത്.
‘‘ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കെട്ടോ, സന്തോഷം കൊണ്ട്. സത്യത്തിൽ ഒരു കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷേ എന്റെ മക്കൾ സർപ്രൈസ് ആഘോഷം പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.
പൊതുവെ, കണിശക്കാരിയായ ടീച്ചറാണ് ഞാൻ. ക്ലാസിൽ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലപോലെ വഴക്കു പറയാറുണ്ട്. നാലഞ്ച് വർഷം മുമ്പ് പതിനാല് വയസ്സുള്ള എന്റെ വിദ്യാർഥിയെ നല്ലപോലെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള കുട്ടി ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിനു വന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കൾ എന്നെ പരാതി പറയാനായി വിളിച്ചു. എന്നെ തിരുത്താനായിരുന്നു അവരുടെ ശ്രമം.
പക്ഷേ ന്യൂജനറേഷൻ ആയാലും കഴിവുള്ള കുട്ടികളെ ഇതുപോലെ തന്നെ നേരെയാക്കണമെന്നാണ് ഞാൻ മറുപടിയായി പറഞ്ഞത്. ഇന്ന് ഈ സംഭവം പറയാൻ ഒരു കാരണമുണ്ട്. ഈ പിറന്നാൾ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ, പിറന്നാൾ ആഘോഷിക്കാൻ അവരെടുത്ത എഫേർട്ട് കണ്ടപ്പോൾ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു. ആത്മാർഥമായാണ് നമ്മൾ പഠിപ്പിക്കുന്നതെങ്കിൽ അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും അവർ തിരിച്ചറിയും.’’അഞ്ജു അരവിന്ദിന്റെ വാക്കുകൾ.
















