മുക്കം (കോഴിക്കോട്): വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിൽ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പരിപാടികൾ പൂർത്തിയാക്കി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായിരുന്നു പ്രിയങ്കാഗാന്ധിയുടെ യാത്ര. മുക്കം ഭാഗത്തുനിന്ന് അഗസ്ത്യൻമുഴി വഴിയുള്ള തിരുവമ്പാടി പാതയിലാണ് വാഹനം സഞ്ചരിച്ചിരുന്നത്. എന്നാൽ, അകമ്പടി വാഹനങ്ങൾ തെറ്റായ ദിശയിൽ താമരശ്ശേരി റോഡിലേക്കു തിരിഞ്ഞതോടെ മുഴുവൻ വാഹനവ്യൂഹവും ആശയക്കുഴപ്പത്തിലായി.
സുരക്ഷാസേനാംഗങ്ങൾ വിവരം അറിയിച്ചപ്പോഴേക്കും മുന്നിലുള്ള വാഹനങ്ങൾ നൂറുമീറ്ററോളം മുന്നോട്ട് പോയിരുന്നു. പിന്നീട് വാഹനങ്ങൾ പിന്നോട്ടെടുത്ത് ശരിയായ പാതയിൽ യാത്ര തുടർന്നു. ഈ സമയത്ത് പ്രിയങ്കാഗാന്ധിയുടെ വാഹനം കുറച്ച് നേരം അഗസ്ത്യൻമുഴി അങ്ങാടിയിൽ കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് ശക്തമായി.
















