വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘തുടക്ക’ത്തിന്റെ പൂജാവേളയിൽ വികാരഭരിതനായി മോഹൻലാൽ. തന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം വിസ്മയമാണെന്നും താൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന് 48 വർഷങ്ങൾക്ക് ശേഷമാണ് മകളുടെ അരങ്ങേറ്റമെന്ന് അദ്ദേഹം ഓർത്തെടുത്തു. അതേ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരാളെയും ഇന്ന് ലാൽ പ്രേക്ഷകർക്കു മുന്നിൽ പരിചയപ്പെടുത്തി. സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ, ആശിഷ് ആന്റണി.
അപ്രതീക്ഷിതമായാണ് വിസ്മയ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രൊഡക്‌ഷൻ ഹൌസ് സ്വന്തമായുള്ള തങ്ങൾക്ക് മക്കളെ അഭിനയിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പക്ഷേ കുട്ടികൾക്ക് താല്പര്യവും കഴിവും ഉണ്ടെങ്കിൽ മാത്രമേ സിനിമയിലേക്ക് വരാൻ പാടുള്ളൂ എന്ന് താൻ പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഇറേ’ എന്ന സിനിമയുടെ റിലീസ് ദിനം കൂടിയായതിനാൽ മകൾക്കും മകനും ഒരേ ദിവസം സിനിമാപരമായ വലിയ കാര്യങ്ങൾ സംഭവിച്ചതിന്റെ സന്തോഷവും മോഹൻലാൽ പങ്കുവെച്ചു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ്. ഈ സന്തോഷവാർത്തയും മോഹൻലാൽ വേദിയിൽ പങ്കുവയ്ക്കുകയും ആഷിഷിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.
‘ഞാൻ ഒരാളെക്കൂടെ ഈ സ്റ്റേജിലേക്ക് വിളിക്കാൻ പോകുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ച ആളാണ്. അത് മറ്റാരുമല്ല, ആന്റണിയുടെ മകനാണ്. മോനേ വാ..അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതും വളരെ ആകസ്മികമായിട്ട് സംഭവിച്ച കാര്യമാണ്. എഴുതി വന്നപ്പോൾ അതിൽ ഒരു കഥാപാത്രം ചെയ്യാനാകുമോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു. കഴിഞ്ഞ സിനിമയിൽ ഒരു റോൾ ചെയ്തിട്ടുണ്ട്.മോൻ ഇപ്പോൾ ദുബായിൽ ആണ്. ഇത് ആരെയെങ്കിലും അറിയിക്കണോ എന്ന് ആന്റണി ചോദിച്ചു. കുറച്ച് കഴിയുമ്പോൾ എന്തായാലും അറിയേണ്ടതല്ലേ. ആന്റണിക്കും അഭിമാനമുണ്ട്. രണ്ടുപേർക്കും എല്ലാ ആശംസയും നേരുന്നു’, മോഹൻലാൽ പറഞ്ഞു.
‘‘എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇല്ല. നമ്മൾ അഭിനയിക്കാൻ വന്നു അഭിനയിച്ചു പോകുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ ഓഡിഷന് പോയ കാര്യമൊക്കെ ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ ഒരിക്കൽപോലും വിചാരിച്ചില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള സ്വകാര്യത ഉണ്ട്, അവരുടേതായിട്ടുള്ള ലക്ഷ്യങ്ങളുണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാൻ.
വളരെ കാലത്തിനുശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ അപ്പുവിന് തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച നടൻ ആകുന്നത്. അതുപോലെതന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അപ്പു മികച്ച നടൻ ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ഞാൻ മികച്ച നടനായി, അതുപോലെതന്നെ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്പുവും മികച്ച നടനായി. മായയും സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ഞാനൊരു സിനിമയിൽ അഭിനയിക്കണമെന്നോ ഒരു നടനാകണമെന്നോ ഒന്നും ആഗ്രഹിച്ച ഒരാൾ അല്ല. അതൊക്കെ കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു.
















